modi

ന്യൂഡൽഹി: കൊവിഡ് വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമായതിനാൽ വരുംആഴ്‌ചകൾ നിർണായകമാണെന്നും ഏപ്രിൽ 15ന് ശേഷവും ചില സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കർശനമായി തുടരേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചു.

ഇന്നലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും കണ്ടെത്തിയവരെ നിരീക്ഷിക്കുന്നതിനും മുൻഗണന നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഏപ്രിൽ 15ന് ലോക്ക്ഡൗൺ അവസാനിച്ച ശേഷം ജനങ്ങളെ ഘട്ടംഘട്ടമായി ജീവിതത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പദ്ധതി തയ്യാറാക്കണം. സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം.

കൊവിഡ് പ്രതിരോധത്തിനായി സാമ്പത്തിക, മെഡിക്കൽ സഹായം നൽകണമെന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി മറുപടി നൽകിയില്ല.

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ:

-മരണം കുറയ്‌ക്കലാകണം ലക്ഷ്യം. ടെസ്റ്റുകൾ, രോഗികളെ കണ്ടെത്തൽ, നിരീക്ഷണം, ക്വാറന്റൈൻ എന്നിവയ്‌ക്ക് മുൻഗണന നൽകണം.

-അവശ്യ മരുന്നുകളുടെ വിതരണവും നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തണം.

-കൊവിഡ് രോഗികൾക്കു മാത്രമായി ആശുപത്രികൾ സജ്ജീകരിക്കണം

-ആയുഷ് ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കണം

--പാരാമെഡിക്കൽ ജീവനക്കാർക്ക് ഓൺലൈൻ പരിശീലനം നൽകണം.

--എൻ.സി.സി, എൻ.എസ്.എസ് വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കണം.

--പ്രതിരോധം ഏകോപിപ്പിക്കാൻ ജില്ലാ തലത്തിൽ സർവെയ്ലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്രൈസിസ് മാനേജ്മെന്റ് ടീം രൂപീകരിക്കണം.

-അക്രഡിറ്റഡ് ലാബുകളെ ഉപയോഗിച്ച് കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ സാമ്പിൾ പരിശോധനയിലെ പൊരുത്തക്കേടുകൾ ഒഴിവാക്കുക.

-വിളവെടുപ്പ് വേളകളിലും സമൂഹ അകലം ഉറപ്പാക്കുക.

-പച്ചക്കറികളും മറ്റും പ്രാദേശികമായി വിതരണം ചെയ്യുക

-കൊവിഡ് വിരുദ്ധ യുദ്ധത്തിന് മതനേതാക്കളും സന്നദ്ധ സംഘടനകളും വഴി ജനങ്ങളെ ബോധവത്കരിക്കുക.
- ക്രമസമാധാനം ഉറപ്പുവരുത്തുക.