ന്യൂഡൽഹി: നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് കൊവിഡ് 19 രോഗബാധിതനുണ്ടോ എന്നറിയാൻ 'മൊബൈൽ ആപ്പ്'. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു മൊബൈൽ ആപ്പ് ഫോണിലുണ്ടെങ്കിൽ പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയാം. ആ വഴിക്കുള്ള യാത്ര ഒഴിവാക്കി മുൻകരുതലെടുക്കാം. ജി.പി.എസ്, ബ്ളൂടൂത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണിത്. മാത്രമല്ല, ആപ്പിലെ രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനും സാധിക്കും.
മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ മൊബൈൽ ആപ്പ് പ്രവർത്തനക്ഷമമാകും.
ഫോണിന്റെ ജി.പി.എസ്, ബ്ളൂടൂത്ത് സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അനുമതി നൽകിയാൽ ആപ്പിന്റെ സഹായത്തോടെ പരിസരത്ത് രോഗബാധിതരുണ്ടോ എന്നറിയാനാകും. കൊവിഡ് 19 സംബന്ധിച്ച എല്ലാവിവരങ്ങളും 11 ഭാഷങ്ങളിൽ ലഭ്യമാണ്. ആൻഡ്രോയിഡ് വേർഷൻ പ്ളേസ്റ്റോറിൽ ലഭ്യമാണ്.
വ്യാജ വാർത്തകൾ തടയാൻ പോർട്ടൽ
കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വ്യാജവാർത്തകൾ പടർന്നത് കേരളം അടക്കം സംസ്ഥാനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചത് കണക്കിലെടുത്ത് കൊവിഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുന്ന വെബ്‌പോർട്ടൽ തയ്യാറാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
വ്യാജ വാർത്തകൾ പടരുന്നത് തടയാൻ സംസ്ഥാന സർക്കാരുകളോടും സമാന സംവിധാനങ്ങൾ ആവിഷ്‌കരിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ഭല്ല ആവശ്യപ്പെട്ടു.
ഇമെയിൽ വഴി അറിയാം
കൊവിഡുമായി ബന്ധപ്പെട്ട കൃത്യവും വ്യക്തവുമായ ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ കൊവിഡ് 19 വസ്‌തുതാ പരിശോധനാ യൂണിറ്റ് തുടങ്ങി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ മേധാവി നിതിൻ വക്കൻകറിനാണ് മേൽനോട്ട ചുമലത. ആവശ്യപ്പെടുന്ന വിവരങ്ങൾ pibfactcheck@gmail.com എന്ന ഇമെയിൽ വഴിയാണ് ലഭ്യമാക്കുക. വ്യാജവാർത്തകളുടെ സത്യാവസ്ഥയും അറിയാം.
കൊവിഡ് രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ technicalquery.covid19@gov.in എന്ന ഇമെയിൽ വിലാസവും തയ്യാറാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എയിംസിലെ വിദഗ്‌ദ്ധർ അടങ്ങിയ സംഘമാണ് വിവരങ്ങൾ ലഭ്യമാക്കുക