ന്യൂഡൽഹി :ലോക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിന് പിന്നാലെ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ തീര്‍ന്നു. മംഗള എക്സ്പ്രസ് , രാജധാനി എക്സ്പ്രസ് , സംബർക്ക ക്രാന്തി എക്സ്പ്രസ് തുടങ്ങി എല്ലാ ട്രെയിനുകളിലും 14ന് ശേഷമുള്ള ആദ്യ മൂന്ന് ദിവസത്തെ വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
എന്നാൽ ടിക്കറ്റിനായി ജനങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ എത്തരുതെന്നും 15 മുതലുള്ള ടിക്കറ്റുകൾ ഓൺലൈനിലൂടെയെ ഇപ്പോൾ ബുക്ക് ചെയ്യാൻ കഴിയുവെന്നും റെയിൽ അധികൃതർ അറിയിക്കുന്നു. 15 മുതലുള്ള ഓൺലൈൻ റിസർവേഷൻ ലോക്ഡൗൺ പ്രഖ്യാപനത്തിനു മുൻപും ശേഷവും തടസമില്ലാതെ തുടരുന്നുണ്ട്. ഓൺലൈന്‍ റിസർവേഷനും ലോക്ഡൗണ്‍ കാലാവധിയുമായി ബന്ധമില്ല. ടിക്കറ്റ് കൗണ്ടറുകൾ പുനരാരംഭിക്കുമ്പോൾ ഔദ്യോഗികമായി അറിയിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെക്ക് 4,000 രൂപയ്‌ക്കകത്താണ് ഏപ്രിൽ അവസാന വാരം വരെ ടിക്കറ്റ് നിരക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.മുൻപ് 7,500 രൂപയ്‌ക്ക് മുകളിൽ പോകുന്ന നിരക്കായിരുന്നു ഇത്.
നാട്ടിൽ എത്തിയാലും ക്വാറന്റീൻ
ലോക‍്ഡൗൺ കഴിഞ്ഞ് നാട്ടിലെത്തിയാലും വീട്ടിൽ ക്വാറന്റീനിൽ തന്നെ കഴിയണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. ലോക്‌ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്ന് ഒട്ടേറെ പേർ നാട്ടിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.