ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് -19 രോഗലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടവർ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ആശുപത്രി ജീവനക്കാരോട് സഹകരിക്കുന്നില്ലെന്നും പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദ് എം.എം.ജി സർക്കാർ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറിന്റേതാണ് പരാതി. തുടർന്ന് ചികിത്സയിലുള്ള ആറുപേർക്കെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അശ്ലീല പെരുമാറ്റം, രോഗം പരത്തുന്ന തരത്തിലുള്ള പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇവർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താൻ യു.പി സർക്കാർ ഉത്തരവിട്ടു. ഒരുവർഷം വരെ വിചാരണ കൂടാതെ തടവിലിടാൻ പൊലീസിന് അധികാരം നൽകുന്നതാണ് നിയമം.
വനിതാ ജീവനക്കാരെ പിൻവലിച്ചു
ഗാസിയാബാദ് ആശുപത്രിയിൽ തബ് ലീഗ് പ്രവർത്തകർ നിരീക്ഷണത്തിലുളള വാർഡിൽ വനിതാ ജീവനക്കാരെയും വനിതാ പൊലീസുകാരെയും പിൻവലിക്കാൻ യു.പി സർക്കാർ നിർദ്ദേശിച്ചു. പകരം പുരുഷ ജീവനക്കാരെ നിയോഗിക്കും. തബ് ലീഗ് പ്രവർത്തകരുടെ മോശം പെരുമാറ്റത്തെ തുടർന്നാണിത്.
നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 130 പേരെയാണ് ഗാസിയാബാദിൽ കണ്ടെത്തിയത്. ഇവരിൽ രോഗലക്ഷണമുള്ള ആറുപേരെയാണ് എം.എം.ജി ആശുപത്രിയിൽ മാർച്ച് 31ന് പ്രവേശിപ്പിച്ചത്. ഇതിൽ ഒരാൾക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു.
എന്നാൽ ആശുപത്രി ജീവനക്കാരോട് അശ്ലീലം പറയുക, ഐസൊലേഷൻ വാർഡിനുള്ളിൽ വസ്ത്രം ധരിക്കാതെ ഇറങ്ങി നടക്കുക, ബീഡിയും സിഗരറ്റും നിരന്തരം ആവശ്യപ്പെടുക എന്നിങ്ങനെയാണ് പെരുമാറുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡൽഹിയിൽ ആത്മഹത്യാ ശ്രമം
തബ് ലീഗ് മസ്ജിദിൽ നിന്ന് ഒഴിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ സഹകരിക്കുന്നില്ലെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ല ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ ശ്രീവാസ്തവയ്ക്ക് കത്ത് നൽകി. ചില രോഗികൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നു. രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലുള്ള ഒരു രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നരേലയിലെ നിരീക്ഷണ കേന്ദ്രത്തിൽ ചാടിപ്പോയ രണ്ടുപേരെ പട്പർഗഞ്ചിൽ വച്ച് കണ്ടെത്തി. ആശുപത്രികളിലും നിരീക്ഷണ കേന്ദ്രത്തിലും മതിയായ പൊലീസ് സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിരവധി പരാതികൾ
ഇൻഡോറിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ തെരഞ്ഞെത്തിയ തബ് ലീഗ് പ്രവർത്തകർ രണ്ടു വനിതാ ഡോക്ടർമാർ ഉൾപ്പെടെയുള്ള നീരക്ഷണ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ 9 പേർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്.
ബീഹാറിലെ മുംഗറിൽ സാമ്പിളുകൾ ശേഖരിക്കാനെത്തിയ പൊലീസുകാരെയും ആരോഗ്യപ്രവർത്തകരെയും ആക്രമിച്ചു. ഡൽഹിയിലെ സമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരം നൽകിയ ആൾക്ക് നേരെ മഹാരാഷ്ട്രയിലെ സോലാപുരിൽ ആക്രമണമുണ്ടായി.