ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സംഘടിതമായ ഇച്ഛാശക്തി പ്രകടിപ്പിക്കാൻ നാളെ ( ഞായർ ) രാത്രി 9 മണിക്ക് ഒൻപത് മിനിറ്റ് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ആഹ്വാനം ചെയ്തു.
ഇന്നലെ ഒരു വീഡിയോ സന്ദേശത്തിലാണ് ജനങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോദിയുടെ ആഹ്വാനം.
നാളെ രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്ക്കണം. വാതിലിന് മുന്നിലോ ബാൽക്കണിയിലോ നിന്ന് ചെരാതുകൾ, മെഴുകുതിരി, ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തിൽ 130 കോടി ഇന്ത്യക്കാർ നിശ്ചദാർഢ്യത്താൽ ബന്ധിതമാകുന്നു. ദീപം കൊളുത്താൻ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കൽ - പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 22ന് ജനതാ കർഫ്യൂദിനത്തിൽ കൈയടിച്ചും പാത്രങ്ങൾ കൂട്ടിയടിച്ചും ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനുള്ള മോദിയുടെ ആഹ്വാനം ജനങ്ങൾ വൻ വിജയമാക്കിയിരുന്നു.
അതേസമയം രോഗപ്രതിരോധത്തിലെ വീഴ്ചകൾക്കും ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് പകരം ദീപം കൊളുത്തുന്നത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിച്ചു.
പ്രധാനമന്ത്രിയുടെ സന്ദേശം--
-ലോക്ക്ഡൗൺ ദിവസങ്ങളിൽ ജനങ്ങൾ അച്ചടക്കവും സേവനമനോഭാവവുമാണ് പ്രകടിപ്പിച്ചത്.
- മാർച്ച് 22ന് ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രകടനങ്ങൾ ലോകമെങ്ങും മാതൃകയാക്കുന്നു.
-ലോക്ക്ഡൗണിൽ വീട്ടിൽ കഴിയുന്ന നാം ഒറ്റപ്പെടുന്നില്ല. 130 കോടി ജനങ്ങളുടെ മൊത്തം ശക്തി ഒരോരുത്തർക്കുമുണ്ട്. ജനങ്ങൾ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. രാജ്യം വലിയൊരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ ശക്തിയെ നാം തിരിച്ചറിയണം. അത് നമ്മുടെ ആത്മവീര്യം വർദ്ധിപ്പിക്കും.
- കൊവിഡ് സൃഷ്ടിച്ച ഇരുട്ടിൽ നിന്ന് പ്രത്യാശയുടെ വെളിച്ചത്തിലേക്ക് നീങ്ങേണ്ടതുണ്ട്. നിരാശയിൽ നിന്ന് നമ്മുടെ പാവപ്പെട്ട സഹോദരി സഹോദരൻമാരെ പിടിച്ചുകയറ്റേണ്ടതുണ്ട്. അതിനാണ് നാളെ എല്ലാവരും വെളിച്ചം കൊളുത്തുന്നത്.കൊവിഡിനെതിരെ ഒന്നിച്ച് പോരാടി ഇന്ത്യയെ വിജയിപ്പിക്കാം.
ഒളിച്ചോട്ടമെന്ന്പ്രതിപക്ഷം
ശശി തരൂർ(കോൺഗ്രസ് എംപി):
'പ്രധാൻ ഷോമാൻ' പറഞ്ഞതു കേട്ടു. അതിൽ ജനങ്ങളുടെ വേദന കുറയ്ക്കാൻ ശ്രമമില്ല. അവരുടെ ബാദ്ധ്യതകളും സാമ്പത്തിക ഉത്കണ്ഠകളും ശ്രദ്ധിച്ചിട്ടില്ല. ലോക്ക്ഡൗണിന് ശേഷമുള്ള പരിപാടികൾ വിശദീകരിക്കുന്നില്ല. ഫോട്ടോ പ്രേമിയായ പ്രധാനമന്ത്രിയുടെ വെറും വാചകമടി മാത്രം.
പി. ചിദംബരം(കോൺഗ്രസ് എംപി):
ദീപം ജ്വലിപ്പിക്കാനുള്ള താങ്കളുടെ സന്ദേശം കേട്ടു. താങ്കൾ ഇനി പൊതുജനാരോഗ്യ പ്രവർത്തകരും സാമ്പത്തിക വിദഗ്ദ്ധരും പറയുന്ന നല്ല കാര്യങ്ങൾ ചെവിക്കൊള്ളണം. പാവപ്പെട്ടവർക്ക് ജീവിക്കാനുള്ളഒരു പാക്കേജ് ആണ് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചത്.
.