national

ന്യൂഡൽഹി: അന്യ സംസ്ഥാനത്തൊഴിലാളികളുടെ മിനിമം ശമ്പളം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഹർഷ് മന്തർ, അഞ്ജലി ഭരദ്വാജ് എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസുമാരായ നാഗേശ്വര റാവു, ദീപക് ഗുപ്‌ത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.

കുടിയേറ്റ തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്ക ഉണ്ടെന്ന് കോടതി പറഞ്ഞ കോടതി കേസ് ഏഴിന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

എ.സി മുറിയിലിരുന്ന് പൊതു താത്‌പര്യ ഹർജികൾ നൽകിയത് കൊണ്ട് പ്രശ്‌നങ്ങൾ തീരില്ലെന്നും പൊതു താത്‌പര്യ ഹർജികൾ നൽകുന്ന കടകൾ അടയ്ക്കണമെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചു.

കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.രാജ്യത്താകെ 6,66,291 അന്യ സംസ്ഥാനത്തൊഴിലാളികൾക്കായി 21,064 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ടെന്നും തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണം എത്തിക്കുന്നുണ്ടെന്നും തുഷാർ മേത്ത അറിയിച്ചു. പ്രകാശ് ഭൂഷൺ വാദി ഭാഗത്തിന് വേണ്ടി ഹാജരായി.