premachandran

ന്യൂഡൽഹി: പഞ്ചാബിൽ ലോക്ക്ഡൗണിൽ കുരുങ്ങിയ മലയാളി ഗവേഷണ വിദ്യാർത്ഥിയ്ക്ക് കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര മന്ത്രി സോം പ്രകാശിന്റെ സഹായം.

തലശ്ശേരി സ്വദേശി ഫെബിൻ പ്രകാശിനാണ് കുടുങ്ങിപ്പോയ സ്ഥലത്ത് നിന്നും താമസിക്കുന്നിടത്തേക്കെത്താൻ കേന്ദ്ര മന്ത്രിയുടെ കാർ വിട്ടുകൊടുത്തത്.

ഒന്നര വർഷമായി ലുധിയാനയിൽ ഗവേഷണ വിദ്യാർത്ഥിയായ ഫെബിൻ ഒരു പ്രസന്റേഷന്റെ ഭാഗമായി ജലന്ധറിൽ പോയ സമയത്താണ് മുഖ്യമന്ത്രി ക്യാപ്‌ടൻ അമരേന്ദ്ര സിംഗ് ആദ്യം കർഫ്യൂ പ്രഖ്യാപിച്ചത്. പത്ത് ദിവസം ജലന്ധറിനടുത്ത് പരിചയമില്ലാത്ത സ്ഥലത്ത് കുടുങ്ങിക്കിടന്നു. പ്രൊജക്ടിന്റെ കാര്യങ്ങൾക്കായി സർവകലാശാലയിൽ പെട്ടെന്ന് തിരിച്ചെത്തണമായിരുന്നു.

ലുധിയാനയിലേക്ക് പോകാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഫലമുണ്ടായില്ല. പ്രതീക്ഷ കൈവിട്ട സമയത്താണ് ലോക്‌സഭാ വെബ്സൈറ്റിൽ നിന്നും ഫോൺ നമ്പർ എടുത്ത് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ ബന്ധപ്പെടുന്നത്. സമൂഹമാദ്ധ്യമങ്ങളിലും മറ്റും എംപിയെ ഫോളോ ചെയ്യുന്നത് അല്ലാതെ മുൻ പരിചയമില്ലായിരുന്നു.

വിശദശാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ശേഷം എം.പി തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു.

ജലന്ധർ എം.പിയും കേന്ദ്രമന്ത്രിയുമായ സോം പ്രകാശിന്റെ ഓഫീസിൽ നിന്ന് ആളുവരുമെന്ന മറുപടിയുമായി പ്രേമചന്ദ്രൻ വീണ്ടും വിളിച്ചപ്പോൾ ഫെബിന് വിശ്വസിക്കാനായില്ല. വൈകാതെ മന്ത്രിയുടെ കാറിൽ ഫെബിനെ ലുധിയാനയിൽ എത്തിക്കുകയായിരുന്നു.