ന്യൂഡൽഹി: രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രധാന കക്ഷികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ എട്ടിന് രാവിലെ 11മണിന് വീഡിയോകോൺഫറൻസ് വഴി സംവദിക്കും. കുറഞ്ഞത് അഞ്ച് എം.പിമാരെങ്കിലുമുള്ള പാർട്ടികളുടെ സഭാ നേതാക്കളുമായാണ് കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.
മോദി-ട്രംപ് ഫോൺ സംഭാഷണം
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞതായി മോദി ട്വീറ്റു ചെയ്‌തു. യു.എസിൽ കൊവിഡ് നിയന്ത്രാണാതീതമായി പടരുന്ന സാഹചര്യവും ഇരുവരും ചർച്ച ചെയ്‌തു.
സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉന്നതാധികാര സമിതിയുടെ യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തെ ആശുപത്രികളിലെ തയ്യാറെടുപ്പ്, ഐസൊലേഷൻ, ക്വാറന്റൈൻ സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കി. രോഗബാധ തടയുന്നതിനും വ്യാപനം ചെറുക്കുന്നതിനും സ്വീകരിച്ച നടപടികളിൽ അദ്ദേഹം തൃപ്‌തി രേഖപ്പെടുത്തി. മാസക്, വ്യക്തി പ്രതിരോധ സാമഗ്രികൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.