ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ രാഷ്ട്രപതിമാർ, മുൻ പ്രധാനമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവരോട് ഫോണിലൂടെ ചർച്ച നടത്തി.
മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭാ പാട്ടിൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവരുമായി മോദി സംസാരിച്ചെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, സമാജ് വാദി പാർട്ടി നേതാക്കളായ മുലായംസിംഗ്, അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ടി.ആർ.എസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിമായ കെ. ചന്ദ്രശേഖരറാവു, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ, എൻ.ഡി.എ സഖ്യകക്ഷിയായ അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവരുമായും മോദി സംസാരിച്ചു. അമ്മ ദയാലു അമ്മാളിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി എം.കെ. സ്റ്റാലിനോട് ആരാഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും സ്റ്റാലിന്റെയും കുടുംബത്തിന്റെയും ആരോഗ്യവിവരങ്ങൾ തിരക്കി. കക്ഷിനേതാക്കളുടെ യോഗത്തിൽ ഡി.എം.കെ പങ്കെടുക്കുമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയെ അറിയിച്ചു.
കൊവിഡ് വിഷയം ചർച്ചചെയ്യാൻ ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി പാർലമെന്റിലെ കക്ഷി നേതാക്കളുടെ വീഡിയോ കോൺഫറൻസിംഗ് യോഗം വിളിച്ചത്. ഇരുസഭകളിലുമായി 5 അംഗങ്ങൾ എങ്കിലും ഉള്ള പാർട്ടികളുടെ സഭാനേതാക്കളെയാണ് യോഗത്തിൽ ക്ഷണിച്ചിരിക്കുന്നത്.