corona

ന്യൂഡൽഹി: ഡൽഹി ദിൽഷാദ് ഗാർഡനിലെ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കും ഏഴ് മലയാളി നഴ്സുമാർക്കും ഉൾപ്പെടെ 10പേർക്ക് കൊവിഡ്. മലയാളി നഴ്സുമാരിൽ ഒരാൾ എട്ടു മാസം ഗർഭിണിയാണ്. മറ്റൊരു മലയാളി നഴ്സിന് രണ്ടു വയസുള്ള കുട്ടിയുണ്ട്. ഡോക്ടർ ഉത്തരേന്ത്യൻ സ്വദേശിയാണ്. മറ്റൊരു നഴ്സ് തമിഴ്നാട്ടുകാരനാണ്. റസിഡന്റ് ഡോക്ടർനാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടർ മാർച്ച് 16 മുതൽ 21 വരെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു. ഇദ്ദേഹവുമായി നേരിട്ടു സമ്പർക്കം പുലർത്തിയ തമിഴ്നാട് സ്വദേശിയായ പുരുഷ നഴ്സിനും രോഗം സ്ഥിരീകരിച്ചു. പിന്നാലെ മലയാളി നഴ്സുമാരിലും രോഗം കണ്ടെത്തുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ 38 കാൻസർ രോഗികളുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം നഴ്സുമാർക്ക് മതിയായ ചികിത്സയോ സൗകര്യമോ ലഭിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ഒരു തരത്തിലുള്ള നിരീക്ഷണമോ സ്‌ക്രീനിംഗോ നടത്താതെയാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചതെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. എട്ടു മാസം ഗർഭിണിയായ നഴ്സിന് ഡ്യൂട്ടി നൽകിയതടക്കമുള്ള ഗുരുതര ചട്ടലംഘനമാണ് ഡൽഹി സർക്കാരിന് കീഴിലുള്ള ഈ ആശുപത്രിയിൽ നടന്നതെന്നും സംഘടന ആരോപിച്ചു. ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാർക്കും പരാതി നൽകി.