ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത എട്ടു മലേഷ്യൻ സ്വദേശികൾ ഇന്ത്യവിടാനുള്ള ശ്രമത്തിനിടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. മലിൻഡോ എയറിന്റെ പ്രത്യേക ദുരിത്വാശ്വാസ വിമാനത്തിൽ മലേഷ്യയിലേക്ക് പോകാനായിരുന്നു ഇവർ ശ്രമിച്ചത്. ഡൽഹിയിലെ വിവിധയിടങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്ന ഇവർ വിമാനത്താവളത്തിൽ ഒത്തുകൂടുകയായിരുന്നു. തബ് ലീഗ് സമ്മേളനത്തിനെത്തിയ വിദേശികളുടെ പട്ടിക കേന്ദ്രം കൈമാറിയതിനാൽ ഇവരെ വിമാനത്താവള അധികൃതർ തിരിച്ചറിഞ്ഞ് തടഞ്ഞുവച്ച് നടപടികൾ പൂർത്തിയാക്കി സി.ഐ.എസ്.എഫിന് കൈമാറി. ഇവരെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കും.
-നിലവിൽ ഒരോ 4.1 ദിവസം കൂടുമ്പോൾ കൊവിഡ് കേസുകൾ രാജ്യത്ത് ഇരട്ടിയാകുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. തബ് ലീഗ് സമ്മേളനമാണ് ഇതിന് കാരണം. അല്ലെങ്കിൽ ഇരട്ടിയാകാൻ 7.4 ദിവസം എടുക്കുമായിരുന്നു.
-പഞ്ചാബിലെ ലുധിയാനയിൽ ഇന്നലെ കൊവിഡ് ബാധിച്ചയാൾ ഡൽഹിയിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു.
-സമ്മേളനത്തിൽ പങ്കെടുത്ത നാലുപേർക്ക് ഹരിയാനയിലെ മേവാത്തിൽ കൊവിഡ് സ്ഥിരീകരിച്ചു.
-നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 32 പേരെ കണ്ടെത്താനുള്ള ശ്രമം ബീഹാർ ഊർജിതമാക്കി
-സമ്മേളനത്തിൽ പങ്കെടുത്ത 1,205 പേരെ നിരീക്ഷണത്തിലാക്കിയതായി യു.പി സർക്കാർ. 138 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരിച്ചറിഞ്ഞ വിദേശികളിൽ 249 പേരുടെ പാസ്‌പോർട്ട് കണ്ടുകെട്ടി.
-തബ് ലീഗ് ജമാത്തിനെതിരെ സംസാരിച്ചയാളെ പ്രയാഗ് രാജിൽ വെടിവച്ചുകൊന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ ചായക്കടയിലിരിക്കെയാണ് യുവാവിനെ വെടിവച്ചത്. ഇയാളുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുറ്റവാളിക്കെതിരെ ദേശസുരക്ഷനിയമം ചുമത്താനും നിർദ്ദേശിച്ചു.
ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കൻ മുസ്ലീം പുരോഹിതൻ കൊവിഡ് ബാധിച്ച് മരിച്ചു. മൗലാനാ യൂസുഫ് ടൂട്‌ലാ (80)ആണ് മരിച്ചത്.