covid-19

ന്യൂഡൽഹി: കൊവിഡിനോട് മുൻനിരയിൽ നിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് രാജ്യം ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ,മതിയായ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെ അവരിൽ നൂറോളം പേർ രോഗം ബാധിച്ച് ആശുപത്രികളിലാണ്...

മുംബെയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരുമടക്കം 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 40 പേർ മലയാളികളാണ്. നാല് ഡോക്ടർമാരും ഗർഭിണി ഉൾപ്പെടെ ആറ് മലയാളി നഴ്‌സുമാരുമടക്കം രോഗം ബാധിച്ച് ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പത്ത് പേർ. ഡൽഹി എയിംസിലെ ഡോക്ടർക്കും സഫ്ദർജംഗ് ആശുപത്രിയിലെ പി.ജി വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചു. മുംബെയിൽ 200 പേരുൾപ്പെടെ രാജ്യത്താകമാനം അഞ്ഞൂറോളം ആരോഗ്യപ്രവർത്തകർ കൊവിഡ് ഫലം കാത്ത് വിവിധ ഇടങ്ങളിൽ ക്വാറന്റൈനിൽ. കൊവിഡ് രോഗികളെ ചികിത്സിക്കാത്തവർക്കും രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.

ഹെൽമറ്റും

റെയിൻകോട്ടും

വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ, സുരക്ഷാ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമമാണ്. കുടുംബത്തെ പൂ‌ർണമായും അകറ്റി നിറുത്തി ദിവസം 11 മണിക്കൂർ വരെ ജോലിചെയ്യുന്നവരുണ്ട്. പി.പി.ഇ കിറ്റും മാസ്‌കുകളും ഇല്ലാത്തതിനാൽ, കിഴക്കൻ കൊൽക്കത്തയിലും വടക്കൻ ഹരിയാനയിലും റെയിൻകോട്ടും ഹെൽമറ്റും ധരിച്ച് ചികിത്സയ്‌ക്കെത്തുന്ന ഡോക്ടർമാർ അന്തർദ്ദേശീയ തലത്തിൽ തന്നെ വാർത്തയായിരുന്നു. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ, വടക്കൻ ഡൽഹി കോർപ്പറേഷനിലെ ഏതാനും ഡോക്ടർമാരും നഴ്‌സുമാരും രാജിവച്ചു.കൊവിഡ് ഭയന്ന് വാടകവീടുകളിൽ നിന്ന് ആരോഗ്യപ്രവർത്തകരെ ഇറക്കിവിടുന്നു...

വേണ്ടത് 62 ലക്ഷം

പി.പി.ഇ കിറ്റുകൾ

62 ലക്ഷം പി.പി.ഇ കിറ്റുകളാണ് രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആവശ്യം. അതിൽ നാലിലൊന്നുപോലും ലഭ്യമാക്കാൻ ആരോഗ്യമന്ത്രാലയത്തിന് കഴിയുന്നില്ല.ബിഹാറി​ൽ മാസ്‌കും ഗ്ലൗസും സാനിട്ടൈസറും ഉപയോഗിച്ചാണ് ആരോഗ്യപ്രവർത്തകർ മല്ലിടുന്നത്.രോഗികൾ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും മറിച്ചല്ല സ്ഥിതി.

ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കാൻ ഇടയാക്കിയത് അധികൃതരുടെ വീഴ്ചയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ആരോപിക്കുന്നു. സ്വകാര്യ ആശുപത്രികളിൽപലതിലും ഇപ്പോഴും പഞ്ചിംഗ് നിറുത്തിയിട്ടില്ല. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 50 ലക്ഷത്തിന്റെയും.മരിച്ചാൽ കിട്ടുന്ന ഈ പരിരക്ഷ അസുഖവുമായി മല്ലിടുമ്പോഴില്ല.