ന്യൂഡൽഹി: കാസർകോട്-മംഗളൂരു ദേശീയ പാത അതിർത്തി അടച്ചിട്ട കർണാടകത്തിന്റെ നടപടി മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. അതിർത്തി പാത തുറന്നു കൊടുക്കാൻ ഇടപെടണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശം കേന്ദ്ര സർക്കാർ പാലിക്കുന്നില്ലെന്നും ബോധിപ്പിച്ചു..അതിർത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയും കേരള,കർണാടക ചീഫ് സെക്രട്ടറിമാരും ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. എന്നാൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈയ്യെടുക്കുന്നില്ല.പാർലമെന്റ് പാസാക്കിയ ദുരന്തനിവാരണ നിയമപ്രകാരം അവശ്യ സർവീസുകൾക്കും ചരക്കുനീക്കത്തിനുമുള്ള സൗകര്യവും കർണാടക സർക്കാർ ഒരുക്കുന്നില്ല...
കാസർകോട് കൊവിഡ് ഹോട്ട്‌സ്‌പോട്ടാമെന്നും അതിനാൽ കേരളത്തിലെ രോഗികളെ അവിടെത്തന്നെ ചികിത്സിക്കണമെന്നും പറഞ്ഞാണ് കർണാടകം അതിർത്തി അടച്ചത്.