modi
modi

ന്യൂഡൽഹി:കൊവിഡ് കണക്കിലെടുത്തുള്ള ലോക്ക് ഡൗണിനുശേഷം രാജ്യത്തിന്റെ മുൻഗണനാ മേഖലകളിൽ കാതലായ മാറ്റം വരുത്തും. മെഡിക്കൽ മേഖലയുടെ സ്വയം പര്യാപ്‌തതയും കയറ്റുമതി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളും ആവിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരോട് നിർദേശിച്ചു. ലോക്ക് ഡൗൺ ഏപ്രിൽ 15ന് ഭാഗികമായി പിൻവിലക്കാൻ സാധ്യതയുണ്ടെന്നും സൂചന നൽകി.

ഇതിന്റെ ഭാഗമായി ലോക്ക് ഡൗണിന് ശേഷം നടപ്പാക്കേണ്ട പത്ത് തീരുമാനങ്ങളും അതു നടപ്പാക്കേണ്ട പത്ത് മുൻഗണനാ മേഖലകളും നിർദ്ദേശിക്കാൻ പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു. വീഡിയോകോൺഫറൻസ് വഴിയായിരുന്നു മന്ത്രിസഭാ യോഗം. മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ചും നിർദേശങ്ങൾ നൽകി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യോഗത്തിൽ പങ്കെടുത്തു.

# ഓരോ മന്ത്രിയും ചുമതലയുള്ള സംസ്ഥാനങ്ങളുമായും ജില്ലകളുമായും നിരന്തരം സമ്പർക്കം പുലർത്തണം.

# ഹോട്ട്സ്‌പോട്ട് ജില്ലകളിലെ വിവരങ്ങൾ നിരന്തരം ശേഖരിക്കണം.

# ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സമൂഹ അകലം പാലിക്കലും ഒരേതലത്തിൽ നീങ്ങണം.

# മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് പ്രതിസന്ധി മറികടക്കാനാകുംവിധം മേക്ക് ഇൻ ഇന്ത്യാ പദ്ധതി പ്രയോജനപ്പെടുത്തണം.

# ഹോട്ട്സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ വ്യവസായ തുടർച്ചാപദ്ധതി തയ്യാറാക്കണം.

# രോഗത്തിന്റെ വ്യാപനം തടയാൻ ആവശ്യമായ മരുന്നുകളും മെഡിക്കൽ കിറ്റുകളും ലഭ്യമാക്കണം.

# കർഷകരെയും മാർക്കറ്റുകളെയും ബന്ധിപ്പിക്കാൻ ആപ്പുകളുടെ സഹായത്തോടെയുള്ള ഓൺലൈൻ ട്രക്കുകൾ അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം.