ന്യൂഡൽഹി: ലോക്ക് ഡൗൺ ഈ മാസം 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങൾ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിലെ കൊവിഡ് രോഗവ്യാപനം വിലയിരുത്തിയശേഷമേ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കൂ. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക, അസാം, പഞ്ചാബ്, യു.പി, ജാർഖണ്ഡ്, ഛത്തീസ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, മൂന്നു ഘട്ടമായി പിൻവലിക്കാമെന്നാണ് കേരളത്തിന്റെ നിർദ്ദേശം.
സംസ്ഥാന സർക്കാർ നിയോഗിച്ച കർമ്മസമിതിയുടെ ഈ ശുപാർശ അടങ്ങിയ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി.
ശേഷിക്കുന്ന ഒരാഴ്ച നിർണായകമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു. സാമ്പത്തിക മേഖലയെക്കുറിച്ച് പിന്നീട് ചിന്തിക്കാം, ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അതുപറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്ക് ഡൗൺ നീട്ടുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി സംസ്ഥാനങ്ങളുടെ ആവശ്യം ചർച്ച ചെയ്തെങ്കിലും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ താമസിയാതെ ചേരുന്ന യോഗത്തിലാകും അന്തിമ തീരുമാനം.