ന്യൂഡൽഹി: കൊവിഡ് -19 സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എം.പിമാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രസർക്കാർ കൂടുതൽ ചെലവു ചുരുക്കൽ നടപടികളിലേക്ക് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം അടക്കമുള്ള കേന്ദ്ര സർക്കാരിന്റെ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വീഡിയോകോൺഫറൻസിൽ ആവശ്യപ്പെട്ടതിനാലാണ് നിർദ്ദേശങ്ങൾ അടങ്ങിയ കത്ത് അയയ്‌ക്കുന്നതെന്ന് സോണിയ പറഞ്ഞു.
സർക്കാർ ചെലവുകളും 30 ശതമാനം വെട്ടിക്കുറച്ച് അതിൽ നിന്ന് ലാഭിക്കുന്ന തുക തൊഴിലാളികൾ,കർഷകർ, ചെറുകിട വ്യവസായികൾ, അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർക്കായി ചെലവഴിക്കുക. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ വിദേശയാത്രകൾ താത്‌കാലികമായി ഒഴിവാക്കണം. ഒഴിവാക്കാനാവാത്ത യാത്രകൾ പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രം നടത്തുക.
പി.എം കെയേഴ്സ് ഫണ്ടിലെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട സോണിയ ധനവിതരണത്തിന് രണ്ട് കേന്ദ്രങ്ങളുണ്ടാകുന്നത് പാഴ്‌വേലയും സുതാര്യതയില്ലായ്‌മയാണെന്നും ചൂണ്ടിക്കാട്ടി. പാർലമെന്റ് നവീകരണത്തിനുള്ള 20,000 കോടിയുടെ സെൻട്രൽ വിസ്‌താ പദ്ധതി അധികപ്പറ്റാണെന്നും ആ തുക ഉപയോഗിച്ച് ആശുപത്രികളും പരിശോധനാ കേന്ദ്രങ്ങളും തുടങ്ങണമെന്നും സോണിയ നിർദ്ദേശിച്ചു.