covid-19
COVID 19

ന്യൂഡൽഹി:ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ,നാലുദിവസം കൂടുമ്പോൾ രാജ്യത്ത് രോഗവ്യാപനം ഇരട്ടിയാകുന്നത് കടുത്ത ആശങ്ക ഉയർത്തുന്നു. രോഗവർദ്ധന ഇങ്ങനെ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം 17000 കടന്നേക്കും. എട്ടുദിവസം കൂടുമ്പോഴാണ് നേരത്തെ കേസുകൾ ഇരട്ടിയായിരുന്നത്. പിന്നീട് ആറു ദിവസമായും ഇപ്പോഴത് നാലുദിവസമായും കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മാർച്ച് 15 മുതൽ 20 വരെ അഞ്ചുദിവസം കൂടുമ്പോഴാണ് കൊവിഡ് കേസുകൾ ഇരട്ടിയായത്. എന്നാൽ മാർച്ച് 20 മുതൽ 23 വരെ മൂന്നുദിവസം കൊണ്ട് വർദ്ധിച്ചു. 23 മുതൽ 29 വരെ ആറു ദിവസത്തിൽ കേസുകൾ ഇരട്ടിയായി. 29 മുതൽ ഏപ്രിൽ രണ്ടുവരെയും ഏപ്രിൽ രണ്ടു മുതൽ ആറു വരെയും നാലു ദിവസംകൊണ്ട് കൊവിഡ് ബാധിതർ ഇരട്ടിയായി. ലോക്‌ഡൗണിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുമ്പോഴാണ് ഈ സ്ഥിതി. കേസുകളുടെ വർദ്ധന കൂടി പരിഗണിച്ചായിരിക്കും ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിൽ കേന്ദ്രം അന്തിമ തീരുമാനമെടുക്കുക.
ഡൽഹി തബ് ലീഗ് മത സമ്മേളനമാണ് രാജ്യത്തെ കേസുകളുടെ എണ്ണം പെട്ടെന്ന് കൂടാൻ ഇടയാക്കിയതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ആകെ റിപ്പോർട്ട് ചെയ്‌ത മൂന്നിൽ ഒന്ന് കേസുകൾക്കും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധമുണ്ട്.. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് 25000ത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്.

രാജ്യത്ത് ഇതുവരെ 4789 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക കണക്കിൽ മരണം 124 ആയി .

പത്തനംതിട്ടയിൽ ഫലം കണ്ടെന്ന് കേന്ദ്രം

......................................................

കേരളത്തിലെ പത്തനംതിട്ടയിലടക്കമുള്ള ഹോട്ട് സ്പോട്ടുകളിൽ മേഖലാടിസ്ഥാനത്തിലുള്ള കൊവിഡ് പ്രതിരോധ തന്ത്രം നടപ്പാക്കിയത് ഫലം കണ്ടുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. പത്തനംതിട്ട കൂടാതെ യു.പിയിലെ ആഗ്ര,ഗൗതംബുദ്ധനഗർ, രാജസ്ഥാനിലെ ബിൽവാര, കിഴക്കൻ ഡൽഹി മേഖലകളിലും ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നടപടികൾ ഫലംകണ്ടു.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ നിരോധാനജ്ഞ പ്രഖ്യാപിച്ചും അടിയന്തര സേവനങ്ങൾ ഒഴികെ ലോക്ഡൗൺ നടപ്പാക്കിയും മേഖലയെ പൂർണമായും ഒറ്റപ്പെടുത്തി മറ്റുസ്ഥലങ്ങളിലേക്കുള്ള രോഗ വ്യാപനം തടയാനാണ് ശ്രമിച്ചത്. പത്തനംതിട്ടയിലെ പ്രതിരോധ നടപടികൾക്ക് ജില്ലാ ഭരണകൂടത്തെയും ആരോഗ്യവകുപ്പിനെയും കേന്ദ്രകാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചിരുന്നു.