ന്യൂഡൽഹി: ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്ര്യൂട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ശേഷവും ചികിത്സയും ഭക്ഷണവും താമസവും നിഷേധിക്കപ്പെട്ട അവിടത്തെ മലയാളി സ്റ്റാഫ് നഴ്‌സുമാരുടെ ദുരിതത്തിന് ഒടുവിൽ ആശ്വാസം. പൂർണ ഗർഭിണിയടക്കം ഒൻപത് നഴ്‌സുമാർക്കും കൃത്യമായ ചികിത്സവും ഭക്ഷണവും ലഭിച്ചു തുടങ്ങി. നഴ്‌സുമാരുടെ കുട്ടികളടങ്ങിയ കുടുംബത്തിന് കൊവിഡ് 19 പരിശോധനയും നടത്തും.
കൊവിഡ് ബാധിച്ച് ഡൽഹിയിൽ 9 മലയാളി നഴ്‌സുമാർ തീരാ ദുരിതത്തിലായത് കേരളകൗമുദി ഇന്നലെ പ്രധാന വാർത്തയാക്കിയിരുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്തെഴുതുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫോണിൽ ബന്ധപ്പെട്ടു. അൽഫോൺ കണ്ണന്താനം, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് തുടങ്ങിയവരും വിഷയത്തിൽ ഇടപെട്ടു.
നഴ്‌സുമാരെ ഐസൊലേറ്റ് ചെയ്യാനും അവർക്ക് ശരിയായ ചികിത്സയും ഭക്ഷണവും നൽകാനും നടപടിയായെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഡൽഹി പ്രസിഡന്റ് റിൻസ് ജോസഫ് പറഞ്ഞു.