ലോക്ക് ഡൗണിലും കൊവിഡ് വ്യാപനം രൂക്ഷം രാജ്യത്ത് കൊവിഡ് ബാധിതർ ആറായിരത്തോളം
ന്യൂഡൽഹി: രാജ്യത്ത് ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ഇതേപടി തുടർന്നാൽ ഇന്ത്യയിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന ആശങ്ക ശക്തമാകുന്നു. രോഗികൾ അയ്യായിരത്തിനു മുകളിലെത്തിയ രണ്ടു ദിവസം കൊണ്ട് രോഗവ്യാപന നിരക്കിൽ 25 ശതമാനം വർദ്ധനയാണ് ഉണ്ടായത്. ഹോട്ട് സ്‌പോട്ടുകൾ കർശനമായി സീൽ ചെയ്‌തും ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടിയും വൈറസ് വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ.
മാർച്ച് ഒന്നിന് കേരളത്തിൽ റിപ്പോർട്ട് ചെയ്‌ത മൂന്നു കേസുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ ഒരുമാസത്തിനിടെ രോഗികൾ 2059 ആയി. അടുത്ത നാലു ദിവസം കൊണ്ട് ആയിരം പേർക്കു കൂടി രോഗം ബാധിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ രോഗികളുടെ വർദ്ധന ഞെട്ടിക്കുന്നതാണ്. ഏപ്രിൽ ഒന്നിനും മൂന്നിനും ഇടയിൽ രോഗികൾ 3105 ആവുകയും മരണം 86 ആവുകയും ചെയ്‌തു.
അതിനു ശേഷം ഓരോ ദിവസവും രോഗ വ്യാപന നിരക്ക് കുതിച്ചുയർന്നു. മഹാരാഷ്‌ട്രയും ഡൽഹിയും ഹോട്ട്സ്പോട്ടുകളായി. ഏപ്രിൽ അഞ്ചിന് രോഗികൾ 4000 ആയി. മരണം നൂറു കടന്നു. ഇന്നലെയാകട്ടെ, രാജ്യത്ത് വൈറസ് ബാധിതരുടെ സംഖ്യ 5800 കടന്നു. ആകെ മരണസംഖ്യ 184. ഇങ്ങനെ തുടർന്നാൽ നാലു ദിവസത്തിനകം ആകെ രോഗികൾ പതിനായിരം കടന്നേക്കാം.
ചൈനയിൽ അടക്കം രോഗവ്യാപന ഗ്രാഫ് ഒരിക്കലും സ്ഥിരമായിരുന്നില്ല. ചൈനയിൽ വൈറസ് വ്യാപനം കുറയുന്നെന്നു തോന്നിച്ച ശേഷം കുതിച്ചുയർന്നത് ജനസാന്ദ്രതയേറിയ ഇന്ത്യയ്‌ക്കും മുന്നറിയിപ്പാണ്. ചൈനയിൽ രോഗികൾ 500ൽ നിന്ന് 5000 കടന്നത് ആറു ദിവസംകൊണ്ടാണ്. നാലു ദിവസംകൊണ്ട് പതിനായിരവും കടന്നു. ഇന്ത്യയിൽ ഒരാഴ്‌ചകൊണ്ട് മരണസംഖ്യ വർദ്ധിച്ചതും ശ്രദ്ധേയമാണ്.
പരിശോധനകളുടെ എണ്ണം വർദ്ധിക്കാത്തതാണ് ഇന്ത്യയിലെ പ്രശ്‌നം. അതിനാൽ വൈറസ് വാഹകരായ രോഗികൾ വഴി രോഗം വ്യാപിക്കാം. കേരളം, ഗോവ, രാജസ്ഥാൻ, ഡൽഹി, ചണ്ഡിഗഡ് സംസ്ഥാനങ്ങൾ മാത്രമാണ് പരിശോധനയിൽ മുന്നിൽ. മഹാരാഷ്‌ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ പരിശോധന അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ അതിജീവിക്കും,
പക്ഷേ എളുപ്പമല്ല:
മുരളി തുമ്മാരുകുടി (യു.എൻ ദുരന്ത നിവാരണ വിദഗ്ദ്ധൻ)
സുനാമി പോലെ ചെറിയ അലകൾ അതിവേഗത്തിൽ ഉയർന്ന് ആധുനിക ആരോഗ്യ സംവിധാനങ്ങളെ മുട്ടുകുത്തിക്കുന്നു. ഇറ്റലി, അമേരിക്ക എന്നിവയെ അപേക്ഷിച്ച് നീണ്ട ലോക്ക്ഡൗൺ, സമൂഹ അകലം പാലിക്കൽ, വൃത്തി, പരമാവധി ടെസ്റ്റുകൾ തുടങ്ങിയവ വഴി നമുക്ക് വലിയ പരിക്കില്ലാതെ ഈ മഹാമാരിയെ അതിജീവിക്കാം. പക്ഷേ എളുപ്പമല്ല. ലോക്ക് ഡൗൺ ആളുകളെ സാമ്പത്തികമായി തളർത്തും. ആരോഗ്യ സംവിധാനങ്ങളുടെയും വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും പരിമിതി പെട്ടെന്ന് മാറ്റാനാവില്ല. ഓരോ രോഗിയിൽ നിന്നും ഒന്നിലേറെ പേരിലേക്ക് രോഗം പകരാത്ത നിലയിലേക്ക് കൊണ്ടുവരണം. അതാണ് വെല്ലുവിളി.