modi

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ദേശീയ-സംസ്ഥാന തലത്തിൽ ആരോഗ്യ മേഖലയ്‌ക്ക് 15,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. ആശുപത്രി വികസനം, ടെസ്റ്റുകൾ നടത്തൽ, ലാബുകൾ സജ്ജമാക്കൽ എന്നിവയ്ക്ക് 7774 കോടി രൂപ അടിയന്തരമായി വിനിയോഗിക്കാം. ബാക്കി തുക നാലു വർഷത്തിനുള്ളിലാണ് ഉപയോഗിക്കേണ്ടത്.

ഇന്ത്യാ കൊവിഡ് 19 അടിയന്തര പ്രതികരണ ആരോഗ്യ സന്നദ്ധ പാക്കേജ് പൂർണമായും കേന്ദ്ര ഫണ്ടാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് വിനിയോഗം.

കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യ മേഖലയ്ക്കും 15,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 24ന് പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ് അനുവദിച്ചത്. അടിയന്തര സംവിധാനമെന്ന നിലയിൽ സംസ്ഥാനങ്ങൾക്ക് 4113 കോടി രൂപ ഇതിനകം കൈമാറിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ലക്ഷ്യം

1. കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ രോഗം കണ്ടെത്തി ചികിത്സ

2. മരുന്നുകളുടെയും അവശ്യ മെഡിക്കൽ സാമഗ്രികളുടെയും സംഭരണം

3. ഭാവിയിൽ രോഗബാധ തടയാൻ ആരോഗ്യമേഖല ശക്തിപ്പെടുത്തൽ

4. ജൈവ സുരക്ഷാ തയ്യാറെടുപ്പ്, സമൂഹ്യ ബോധവത്കരണം

5. മഹാമാരികളെക്കുറിച്ചുള്ള ഗവേഷണത്തിന് സ്ഥാപനങ്ങൾ

നോഡൽ ഏജൻസികൾ

ദേശീയ ആരോഗ്യ മിഷൻ, കേന്ദ്ര സംഭരണ യൂണിറ്റ്, റെയിൽവേ, ദേശീയ ആരോഗ്യ ഗവേഷണ വകുപ്പ്, ഐ.സി.എം.ആർ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം

പദ്ധതി കാലാവധി

ആദ്യ ഘട്ടം: 2020 ജനുവരി - 2020 ജൂൺ

രണ്ടാം ഘട്ടം: 2020 ജൂലായ് - 2021 മാർച്ച്

മൂന്നാം ഘട്ടം: 2021ഏപ്രിൽ - മാർച്ച് 2024