ന്യൂഡൽഹി: ലോക്ക് ഡൗൺ ലംഘിച്ച് ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയ കേസിൽ പ്രതിയായ തബ് ലീഗ് ജമാഅത്ത് മേധാവി മൗലാനാ സാദിനെ (56) പൊലീസ് കണ്ടെത്തി. ഡൽഹി ഓഖ്‌ല സാക്കിർ നഗറിലെ വസതിയിൽ നിന്നാണ് കണ്ടെത്തിയത്. വീട്ടിൽ സ്വയം ഐസൊലേഷനിലായിരുന്ന സാദിനെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കും. സാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ലോക്ക് ഡൗൺ നിയമ ലംഘനങ്ങൾക്ക് മൗലാന സാദ് ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സാദിനെ കണ്ടെത്താൻ യു.പി ഉൾപ്പെടെ സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷം നടത്തിയിരുന്നു.