ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അംഗീകരിച്ച പദ്ധതികൾക്കുള്ള ബാക്കി ഗഡു കേന്ദ്രം കൈമാറില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രണ്ടു വർഷത്തെ പ്രാദേശിക വികസന ഫണ്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന്റെ ഉത്തരവും പുറത്തിറങ്ങി.
തുടങ്ങിവച്ച നിർമ്മാണ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. ഈ സാഹചര്യത്തിൽ പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ എം.പിമാർക്ക് ശുപാർശ ചെയ്യാം. ജില്ലാ നോഡൽ ഓഫീസർ നിലവിൽ അനുവദിച്ച തുക കൊണ്ട് പദ്ധതികൾ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കുകയോ റദ്ദാക്കുകയോ ചെയ്യണം.
കൊവിഡ് പ്രതിരോധത്തിനായി ആശുപത്രികൾക്ക് വെന്റിലേറ്ററും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുമടക്കം വിവിധ സാമഗ്രികൾ വാങ്ങാനുള്ള എം.പിമാരുടെ പദ്ധതികളും ഇതോടെ പ്രതിസന്ധിയിലാകും.
സുരക്ഷാ ഉപകരണങ്ങൾ
സംസ്ഥാനം വാങ്ങരുത്
ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇ), എൻ -95 മാസ്‌ക്, വെന്റിലേറ്റർ തുടങ്ങിയവ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാങ്ങരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇവയുടെ ആവശ്യമെത്രയെന്ന് സംസ്ഥാനങ്ങൾ അറിയിക്കണം. ഇത് വിലയിരുത്തി കേന്ദ്രം ലഭ്യമാക്കും. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണിത്. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ തീരുമാനമനുസരിച്ചാണ് നിർദേശം. അതേസമയം, സംസ്ഥാനങ്ങൾ മതിയായ ഓക്‌സിജൻ സിലിണ്ടറുകൾ ഉറപ്പാക്കണം.