ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ പരിഗണിച്ച് എംബസി വഴി ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ സമയോജിതമായി ഇടപെടും.
ദുബായിലും മറ്റും ലേബർ ക്യാമ്പുകളിൽ നിരീക്ഷണത്തിലുള്ളവർക്കായി നിലവിൽ സൗകര്യമുണ്ട്. കൂടുതൽ സൗകര്യം ഒരുക്കേണ്ട ആവശ്യമുണ്ടെങ്കിൽ അവിടുത്തെ സർക്കാരുകളുമായി ആലോചിച്ച് വേണ്ടത് ചെയ്യും. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞവരുടെ പ്രശ്‌നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. പ്രധാനമന്ത്രി ഗൾഫിലെ ഭരണാധികാരികളുമായി കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചപ്പോൾ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
അവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരെ ഒന്നിച്ച് കൊണ്ടുവന്നാൽ ക്വാറന്റൈൻ സൗകര്യം അടക്കം പ്രശ്‌നമാകും. വിമാന സർവീസ് ഏറ്റവും ഒടുവിൽ പുനഃരാരംഭിച്ചാൽ മതിയെന്നാണ് കേന്ദ്രസർക്കാരിന് കേരളം സമർപ്പിച്ച നിർദ്ദേശം. ലോക്ക് ഡൗൺ കഴിഞ്ഞ് വരുന്നവരിൽ പ്രായമായവരെയും അസുഖമുള്ളവർക്കും മുൻഗണന നൽകണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ വിമാനടിക്കറ്റ് ബുക്കിംഗ് സമയത്ത് അടക്കം ഇത് എങ്ങനെ പ്രായോഗികമായി നടപ്പാക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധന നിയന്ത്രിക്കാനും ഇടപെടും.
മാൾഡോവയിൽ അടക്കം കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ രോഗഭീതിയുടെ സാഹചര്യത്തിലാണ് തിരിച്ചു വരണമെന്ന് പറയുന്നത്. നിലവിൽ സർവകലാശാലകൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗഭീതി മാറിയ ശേഷവും അവർക്ക് തിരികെ വരണമെന്നുണ്ടെങ്കിൽ അപ്പോൾ പരിഗണിക്കും.
ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ സുരക്ഷിത സ്ഥലത്താണ്. ഭക്ഷണം ഉറപ്പാക്കണമെന്ന് ഇവരെ കൊണ്ടുപോയ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.