ന്യൂഡൽഹി: കൊവിഡ് - 19ന്റെ വ്യാപനം തടയാൻ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടിയതിന് പിന്നാലെ കർശന നടപടികളുമായി ഒഡീഷ സർക്കാർ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ക്രിമിനൽ കേസെടുക്കാനും 200 രൂപ പിഴ ഈടാക്കാനും സർക്കാർ ഉത്തരവിറക്കി. കുറ്റം ആവർത്തിച്ചാൽ പിഴ 500 രൂപ വരെ വർദ്ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാർ ത്രിപാഠി വ്യക്തമാക്കി. മാസ്‌കില്ലാത്തവർക്ക് പച്ചക്കറിയും പലവ്യഞ്ജനവും അടക്കമുള്ള അവശ്യസാധനങ്ങൾ നൽകില്ല. ഒപ്പം ഇന്ധനം നൽകില്ലെന്നും ഒഡീഷയിലെ 1600 പെട്രോൾ പമ്പ് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങളെയും ആസ്‌മാരോഗികളെയും നിയമത്തിൽ നിന്ന് ഒഴിവാക്കി. എൻ - 95 അടക്കമുള്ള മാസ്‌കുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന പരാതി വ്യാപകമായതിനാൽ തുണി കൊണ്ടുള്ള മാസ്‌കോ തൂവാലയോ കൊണ്ട് മുഖം മറച്ചാലും മതിയാകും.
ഇതിനിടെ ഇന്നലെ മുതൽ പൊതു ഇടത്തിൽ മാസ്‌ക് നിർബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തിൽ വന്ന ഡൽഹിയിൽ മാസ്ക് ധരിക്കാത്ത 32 പേർക്കെതിരെ കേസെടുത്തു.ഡൽഹിയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലാണ് സംഭവം.