1

 ഇന്നലെ മാത്രം മരണം 49

 ആകെ രോഗികൾ 7,​447,​ മരണം 239

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ദിവസത്തെ കൊവിഡ് -19 രോഗബാധിതരുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ഇന്നലെ മാത്രം 1,035 പുതിയ രോഗികൾ. ഒരു ദിവസത്തെ ഏറ്റവും കൂടുതൽ മരണവും ഇന്നലെ കുറിച്ചു - 40. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 7,447 ആയി. മരണം 239 ആയി. രാജ്യത്താകെ 643 പേർക്ക് രോഗം ഭേദമായെന്നതാണ്ആശ്വാസ വാർത്ത.

സ്ഥിതി നിയന്ത്രണവിധേയമാണെന്നും 586 കൊവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസൊലേഷൻ ബെഡുകളും 11,500 ഐ.സി.യുകളും സജ്ജമാണെന്നും ആരോഗ്യമന്ത്രാലായ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് - 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് അഞ്ചുകോടിയോളം ഗുളികകൾ സ്റ്റോക്കുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

 തമിഴ്‌നാട്

മൂന്ന് ഡോക്ടർമാർക്ക് ഉൾപ്പെടെ 77 പേർക്ക് കൂടി കൊവിഡ്. ആകെ രോഗികൾ 911 ആയി. ഇന്നലെ എട്ട് മരണം.

എട്ട് ഡോക്ടർമാർ കൂടി ചികിത്സയിലാണ്. കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ആയിരം കോടി രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.വില്ലുപുരത്തെ ആശുപത്രിയിൽ നിന്ന് അബദ്ധത്തിൽ ഡിസ്ചാർജ് ചെയ്യുകയും തുടർന്ന് കാണാതാവുകയും ചെയ്ത രോഗിക്കെതിരെ കേസെടുത്തു.

മദ്ധ്യപ്രദേശ്

ഇൻഡോറിൽ ആയുർവേദ ഡോക്ടർ ( 65 )മരിച്ചു. സംസ്ഥാനത്തെ ആകെ മരണ സംഖ്യ 36.

ഡൽഹി

ഇന്നലെ ഒരാൾ കൂടി മരിച്ചതോടെ മരണം 14 ആയി. ചാന്ദ്നി മഹലിൽ 13 പള്ളികളിലെ അന്തേവാസികളായ 102 പേരിൽ 52 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 21 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടി. ആകെ രോഗികൾ 903.

 രാജസ്ഥാൻ

ഇന്നലെ പുതിയ 90 രോഗികൾ. ആകെ രോഗികൾ - 553.എട്ടുപേർ കൂടി മരിച്ചു.

 ഗുജറാത്ത്

54 പുതിയ രോഗികൾ. ആകെ- 432.വീടുകളിലേക്ക്​ പോകണമെന്ന്​​ ആവശ്യപ്പെട്ട് സൂററ്റിൽ അന്യസംസ്ഥാന തൊഴിലാളികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 ജമ്മു കാശ്‌മീർ

17 പുതിയ രോഗികൾ. ആകെ - 224

 ആന്ധ്രപ്രദേശ്

ആകെ രോഗികൾ 406. ഇന്നലെ മരണം 6.

 കർണാടക

ഏഴ് പുതിയ രോഗികൾ. ആകെ - 214. അഞ്ച് രോഗികളുള്ള ബംഗളൂരു മുനിസിപ്പൽ കോർപ്പറേഷനിലെ രണ്ട് വാർഡുകൾ പൂർണമായി അടച്ചു. കൊവിഡ് പരത്തുന്നുവെന്ന് പ്രചരിപ്പിച്ച് കർണാടകയിലെ അങ്കണഹള്ളി പഞ്ചായത്തിൽ ഒരു സമുദായത്തിന് പ്രവേശനം നിഷേധിച്ചു. ഗ്രാമത്തിൽ പ്രവേശിക്കുന്നവർക്ക് ആയിരം രൂപ പിഴ ഈടാക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഇത്തരത്തിൽ വിളംബരം പുറത്തിറക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.