icmr

ന്യൂഡൽഹി : മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്ത 92 കേസുകൾ ഉൾപ്പെടെ ഇന്നലെ മഹാരാഷ്ട്രയിൽ 189 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1600 കടന്നു. ഇന്നലെ മാത്രം 10 പേർ മരിച്ചു. മുംബൈയിലെ മരണസംഖ്യ 110 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്നലെ മാത്രം 11 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഇവിടെ കോവിഡ് കേസുകൾ 28 ആയി ഉയർന്നു.ഇന്നലെ മരിച്ച 80കാരൻ ഉൾപ്പെടെ മരണം നാലായി.

ഇതോടെ ധാരാവിയിലെ എല്ലാ ജനങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ലക്ഷക്കണക്കിന് പേർ തിങ്ങിഞെരുങ്ങി ജീവിക്കുന്ന ചേരിൽ പത്ത് ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കണമെന്നതാണ് സർക്കാർ ആരോഗ്യപ്രവർത്തകർക്ക് നൽകിയിരിക്കുന്ന വെല്ലുവിളി. രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ മുംബൈയിൽ ഹോസ്റ്റലുകൾ, സ്‌റ്റേഡിയങ്ങൾ, ലോഡ്ജുകൾ എന്നിവടങ്ങളിൽ ക്വാറന്റീൻ സൗകര്യം അടിയന്തരമായി ഒരുക്കാൻ മുംബൈ കോർപറേഷൻ തീരുമാനിച്ചു. ചേരിയിൽ ഇടുങ്ങി താമസിക്കുന്നവരെ സാമൂഹ്യ അകലം പാലിക്കാനായി സ്‌കൂളിലേക്ക് മാറ്റും. അറുപതോളം പേർ മലയാളികളടക്കം നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചെന്നതാണ് മറ്റൊരു വെല്ലുവിളി. അഞ്ഞൂറോളം ആരോഗ്യപ്രവർത്തകർ വിവിധ ഇടങ്ങളിൽ ക്വാറന്റൈനിൽ കഴിയുകയാണ്‌