aodhya

ന്യൂഡൽഹി: കൊവിഡ് 19 പരിശോധന സ്വകാര്യ സർക്കാർ ലാബുകളിൽ സൗജന്യമാക്കണമെന്ന ഉത്തരവിനെതിരെ ഡൽഹി എയിംസിലെ റിട്ട. ഡോക്ടർ കൗശൽ കാന്ത് സുപ്രീംകോടതിയിൽ ഇടപെടൽ അപേക്ഷ നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒഴികെ മറ്റെല്ലാവരിലും നിന്ന് ഐ.സി.എം.ആർ. നിശ്ചയിച്ച പണം ഈടാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ പരിശോധന അനുവദിക്കാമെന്നും ഇതിനു വരുന്ന ചെലവ് ഉടൻ നൽകാൻ സർക്കാരിനോട് നിർദേശിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു. സ്വകാര്യ ലാബുകൾക്ക് പണം പിന്നീട് സർക്കാർ നൽകണമെന്ന നിർദേശം പ്രായോഗികമല്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം ലഭിച്ചില്ലെങ്കിൽ ലാബുകൾ പരിശോധന നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടാകും.

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുകയാണ്. അതിനാൽ വരുംദിവസങ്ങളിൽ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. സ്വകാര്യ ലാബുകളിൽ പരിശോധന കുറഞ്ഞാൽ അത് പ്രതിസന്ധി സൃഷ്ടിക്കും. പ്രാദേശികതലത്തിൽ കൂടുതൽ ലാബുകൾ രൂപീകരിച്ച് സൗജന്യ പരിശോധന വ്യാപകമാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ ലാബുകൾ ഈടാക്കുന്നതിലും കുറഞ്ഞ തുകയാണ് ഈടാക്കുന്നതെന്നും ഇടപെടൽ അപേക്ഷയിൽ അവകാശപ്പെടുന്നു. 4500 രൂപയാണ് പരിശോധനയ്ക്കായി സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നത്. ഇത് പാടില്ലെന്ന് കഴിഞ്ഞ 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.