ന്യൂഡൽഹി: കൊവിഡ് - 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിഗരറ്റ് ഒഴികെയുള്ള പുകയില ഉത്പന്നങ്ങൾ പൊതു ഇടത്തിൽ ഉപയോഗിക്കുന്നതും തുപ്പുന്നതും നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

'പാൻ മസാല പോലുള്ള പുകയില ഉത്പന്നങ്ങൾ ചവയ്ക്കുന്നത് ഉമിനീർ അധികമായി ഉണ്ടാകുന്നതിന് കാരണമാകുന്നതിനാൽ പൊതു ഇടങ്ങളിൽ തുപ്പേണ്ടിവരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിൽ തുപ്പുന്നത് അനുവദിക്കാനാവില്ല.' - ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതു ഇടത്തിൽ തുപ്പുന്നവർക്ക് എതിരെ സംസ്ഥാന സർക്കാരുകൾക്ക്, എപിഡമിക് ഡിസീസസ് ആക്ട്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, വിവിധ ഐപിസി വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാമെന്ന് കത്തിൽ വ്യക്തമാക്കുന്നു.

പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ബിഹാർ, ജാർഖണ്ഡ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, നാഗാലാന്റ്, അസം എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഇവ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.