delhi

ന്യൂഡൽഹി: ഇറ്റലിയിലെ കൊവിഡ് ബാധിത പ്രദേശമായ മിലാനിൽ നിന്നു മാർച്ച് 15ന് ഇന്ത്യയിലെത്തി ഡൽഹിയിലെ ക്യാമ്പിൽ കഴിഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള സംഘം നിരീക്ഷണകാലാവധി പൂർത്തിയാക്കി ബസിൽ നാട്ടിലേക്ക് തിരിച്ചു. ചാവ്‌ലയിലെ ഐ.ടി.ബി.പി ക്യാമ്പിലെ സംഘത്തിൽ ഒരു ഗർഭിണി ഉൾപ്പെടെ 30 മലയാളികൾക്കു പുറമേ, തമിഴ്നാട്ടിൽ നിന്നുള്ള 7 പേരും നാഗ്പുരിലെ 3 പേരും ഉണ്ട്. രണ്ട് പരിശോധനയിലും രോഗബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ നാട്ടിലെത്തിക്കാൻ അധികൃതർ തീരുമാനിച്ചത്. 26 ദിവസമാണ് ക്യാംപിൽ കഴിഞ്ഞത്. മാർച്ച് 22ന് റോമിൽ നിന്നെത്തി കൊവിഡില്ലെന്ന് സ്ഥിരീകരിച്ചവരും സംഘത്തിലുണ്ട്.

ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ യാത്രാസൗകര്യത്തിന് സഹായം തേടിയെങ്കിലും ലഭിക്കാത്തതിനെത്തുടർന്ന് സ്വന്തം നിലയിൽ ബസ് ഏർപ്പാടാക്കിയാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. സംസ്ഥാനങ്ങൾ കടന്നുപോകാനുള്ള പ്രത്യേക പാസ് ലഭിച്ചു. അടിയന്തര ആവശ്യത്തിനുള്ള ഭക്ഷണം ഉൾപ്പെടെ കേരള ഹൗസിൽ നിന്നു ലഭ്യമാക്കി. യാത്രാമദ്ധ്യേ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ മലയാളി സംഘടനകൾ വഴി ശ്രമം തുടരുകയാണെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് അറിയിച്ചു. കർണാടക, മഹാരാഷ്ട്ര സ്വദേശികളെ അതതു സർക്കാരുകൾ വാഹനസൗകര്യം ഏർപ്പാടാക്കി തിരിച്ചുകൊണ്ടുപോയിരുന്നു.