ന്യൂഡൽഹി: മത്സ്യ ബന്ധന മേഖലയ്ക്കും കാർഷിക മേഖലയ്ക്കും ലോക്ക് ഡൗണിൽ ചില ഇളവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചു. തേയില അടക്കമുള്ള പ്ളാന്റേഷനുകൾക്കും ഇളവ് നൽകി.

കടലിലെ മീൻപിടിത്തം, മത്സ്യം, ചെമ്മീൻ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പാക്കിംഗ്, ശീതീകരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റുകൾ, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമാണ് ഇളവ്.

എന്നാൽ, സാമൂഹിക അകലം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനും നൽകിയ ഉത്തരവുകൾ പാലിക്കണം. സ്ഥാപന മേധാവികൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. ജില്ലാഭരണകൂടം ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം.

കാർഷിക പ്രവൃത്തികൾക്കും ഇളവ് നൽകിയിട്ടുണ്ട്. വിളവെടുപ്പും വിതയ്ക്കലുമടക്കം സുഗമമായി നടത്താം. കാർഷിക യന്ത്രങ്ങളും അവയുടെ സ്‌പെയർപാർട്‌സുകളും വിൽക്കുന്ന കടകൾ തുറക്കാം. ദേശീയ പാതകളിലെ ട്രക്ക് വർക്ക്‌ ഷോപ്പുകളും തുറക്കാം. തേയില അടക്കമുള്ള പ്ലാന്റേഷനുകളിൽ 50 ശതമാനം തൊഴിലാളികളെ നിയോഗിച്ച് പ്രവർത്തനം നടത്താം.