ന്യൂഡൽഹി: പഞ്ചാബിൽ ലോക്ക് ഡൗൺ യാത്രാ വിലക്ക് ലംഘിച്ച് വാഹനത്തിൽ വന്ന സംഘത്തെ തടഞ്ഞ എ. എസ്. ഐയുടെ കൈ വെട്ടിമാറ്റി. ആക്രമണത്തിൽ ആറു പൊലീസുകാർക്ക് പരിക്കേറ്റു.
പട്യാല എ.എസ്.ഐ ഹർജീത്ത് സിംഗിന്റെ ഇടതു കൈയാണ് അറ്റുപോയത്. അടിയന്തര ശസ്ത്രക്രിയ നടത്തി കൈ തുന്നിച്ചേർത്തു. ഒൻപതുപേർ അറസ്റ്റിലായി.
ഇന്നലെ രാവിലെ ആറരയോടെ പട്യാലയിലെ സനൗർ പച്ചക്കറി ചന്തയിലാണ് സംഭവം. വാഹനത്തിൽ എത്തിയ സംഘം റോഡിലെ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോയെങ്കിലും പൊലീസ് തടഞ്ഞു. പുറത്തിറങ്ങി സഞ്ചരിക്കാനുള്ള പാസ് ചോദിച്ചതോടെ വാഹനത്തിൽ വന്നവർ വാൾ വീശി പൊലീസിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് അക്രമികൾ നിഹാംഗ ഗുരുദ്വാരയിലേക്ക് ഓടിക്കയറി. കൂടുതൽ പൊലീസ് എത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇവരെ അനുനയിപ്പിക്കാൻ ലോക്കൽ സർപാഞ്ച് ഉൾപ്പെടെയുള്ളവർ ഗുരുദ്വാരയിൽ എത്തി. അര മണിക്കൂറിനുശേഷം അക്രമികൾ കത്തിയും മറ്റ് ആയുധങ്ങളുമായി കീഴടങ്ങിയെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബിലെ തീവ്രമതവിഭാഗമായ നിഹാംഗയിൽപ്പെട്ടവരാണ് അക്രമികളെന്ന് സംസ്ഥാന പൊലീസ് മേധാവി ദിൽകർ ഗുപ്ത പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വിറ്ററിൽ കുറിച്ചു.