ന്യൂഡൽഹി: ഭക്ഷണവിതരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുണ്ടായ വാക്ക് തർക്കത്തിനിടെ അധികൃതർ മർദ്ധിച്ചതിൽ പ്രകോപിതരായി അന്യ സംസ്ഥാനത്തൊഴിലാളികൾ അവർ താമസിച്ചിരുന്ന ഡൽഹി കാശ്‌മീർ ഗേറ്റിലെ അഭയകേന്ദ്രങ്ങൾക്ക് തീയിട്ടു. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ആറ് പേർ അറസ്റ്റിലായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 - 250 അന്യ സംസ്ഥാനത്തൊഴിലാളികളാണ് ക്യാമ്പിൽ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം വിതരണം ചെയ്യവേ സാമൂഹിക അകലം പാലിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. ഇത് തർക്കത്തിനിടയാക്കി. വാക്കേറ്റത്തിനിടയിൽ ഉദ്യോഗസ്ഥർ തൊഴിലാളികളെ അടിച്ചു. മർദ്ദനമേറ്റ നാല് തൊഴിലാളികൾ യമുനാ നദിയിൽ ചാടി. ഇവരിൽ ഒരാൾ മുങ്ങി മരിച്ചു. ഇതിൽ പ്രതിഷേധിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ രംഗത്തെത്തി. പ്രതിഷേധത്തിനിടെ അക്രമാസക്തരായ തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയകേന്ദ്രങ്ങൾക്ക് തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എൻജിനെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.