ന്യൂഡൽഹി:തെലുങ്കാനയിൽ ലോക്ക് ഡൗൺ സമയത്ത് ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താൻ പൊലീസിനൊപ്പം യൂണിഫോമിൽ ആർ.എസ്.എസ്.പ്രവർത്തകരും റോഡിലിറങ്ങിയത് വിവാദമാകുന്നു. കഴിഞ്ഞ 9ന് തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ ചെക്ക്‌പോസ്റ്റിലാണ് പൊലീസിനെ സഹായിക്കുന്നുവെന്ന് പറഞ്ഞു 12 മണിക്കൂർ ആർ.എസ്.എസ്. സന്നദ്ധപ്രവർത്തകർ വാഹന പരിശോധന നടത്തിയത്. വാഹനത്തിൽ പോകുന്നവരെ പരിശോധിക്കുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയുമാണ് ഇവർ ചെയ്യുന്നത്.ഒപ്പം പൊലീസിനായി സേവനം നടത്തുന്നുവെന്ന് ആർ.എസ്.എസ്. അനുബന്ധ ട്വിറ്റർ പേജായ ഫ്രണ്ട്‌സ് ഒഫ് ആർ.എസ്.എസ്. ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. ഇതോടെ പരിശോധന ലോകം അറിഞ്ഞത്. പോസ്റ്റിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്നതോടെണ് തെലുങ്കാന പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. പൊലീസ് ആർക്കും പരിസോധനയ്ക്ക് അനുവാദം നൽകിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സംഭവം നടന്ന രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭഗവതി അറിയിച്ചു.