ന്യൂഡൽഹി:ലോക്ക് ഡൗണിൽ വീട്ടിൽ ഒറ്രയ്ക്കായ സുഹൃത്തിനെ സ്യൂട്ട്കേസിലാക്കി ഫ്ളാറ്റിലേക്ക് കടത്തിയ പതിനേഴുകാരനെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റെസിഡന്റ്സ് അസോസിയേഷൻ ഫ്ലാറ്റിലേക്ക് സന്ദർശകരെ വിലക്കിയതിനാലാണ് കൗമാരക്കാരൻ സാഹസത്തിന് മുതിർന്നത്.
ഇന്നലെ രാവിലെ മംഗളൂരുവിലെ ഒരു ഫ്ലാറ്റിലാണ് സംഭവം.പുലർച്ചെ മൂന്ന് മണിയോടെ പതിനേഴുകാരൻ ആരുമറിയാതെ വലിയ സ്യൂട്ട്കേസുമായി സ്കൂട്ടറിൽ പുറത്തേക്ക് പോയി. കൂട്ടുകാരന്റെ വീട്ടിലെത്തി അയാളുമായി ഫ്ളാറ്റിലേക്ക് തിരിച്ചു. ഫ്ലാറ്റിന് സമീപം സ്കൂട്ടർ നിർത്തി കൂട്ടുകാരനെ സ്യൂട്ട്കേസിനകത്താക്കി ഫ്ളാറ്റിനകത്തേക്ക് കയറിപ്പോയി. അസാമാന്യ വലിപ്പമുള്ള സ്യൂട്ട് കേസുമായി വന്ന പതിനേഴുകാരന്റെ അസ്വാഭാവികമായ നീക്കങ്ങളിൽ സുരക്ഷാ ജീവനക്കാരന് സംശയം തോന്നിയിരുന്നു. നേരം പുലർന്നതോടെ ഇയാൾ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ വിവരമറിയിക്കുകയും ഫ്ളാറ്റിൽ പരിശോധന നടത്തുകയുമായിരുന്നു. കൊവിഡ് ഭീതിക്കിടെ പുറത്തു നിന്നുള്ള ഒരാൾ അപ്പാർട്ട്മെന്റിൽ വന്നതായി സ്ഥിരീകരിച്ചതോടെ ഭാരവാഹികൾ പരിഭ്രാന്തരായി. അവർ അറിയിച്ചതു പ്രകാരം എത്തിയ പൊലീസ് രണ്ട് കൂട്ടുകാരെയും കൊണ്ടുപോയി. ഇവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
കൂട്ടുകാരനെ ഫ്ളാറ്റിലേക്ക് കൊണ്ടുവരാൻ നേരത്തേ അസോസിയേഷൻ ഭാരവാഹികൾ അനുവദിച്ചില്ലെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പതിനേഴുകാരന്റെ മൊഴിയിൽ പറയുന്നു.