supreme-court

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലടക്കമുള്ള പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യം നിലവിലെ പ്രത്യേക സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രവാസികൾ ഇപ്പോൾ ഏതു രാജ്യത്താണെങ്കിലും അവിടെ തുടരുന്നതാണ് അഭികാമ്യം. അതേസമയം, അവരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിയും പ്രവാസികളുടെ അവസ്ഥയും സംബന്ധിച്ച് നാലാഴ്ചക്കകം കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണം. അതിനുശേഷം ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

ഇപ്പോൾ യാത്ര അനുവദിക്കുന്നതും പ്രവാസികളെ മടക്കിക്കൊണ്ടു വരുന്നതും പ്രതിരോധ നടപടിയായ ലോക്ക് ഡൗൺ പരാജയപ്പെടാൻ ഇടയാക്കുമെന്ന്

കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കോടതി ഇത് അംഗീകരിച്ചു.

ഇംഗ്ലണ്ടിൽ കുടുങ്ങിയ അരലക്ഷത്തോളം വിദ്യാർത്ഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നുണ്ട്. വിദ്യാർത്ഥികൾ സുരക്ഷിതരാണ്. ഇറാനിൽ കുടുങ്ങിയവരിൽ ഭൂരിഭാഗം പേരെയും തിരിച്ചെത്തിച്ചു. അവിടെ തുടരുന്നവർ കൊവിഡ് രോഗബാധിതരാണ്. അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ഇടപെടൽ നടത്തുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഏഴ് ഹർജികളാണ് വീഡിയോ കോൺഫറൻസിലൂടെ പരിഗണിച്ചത്. മലയാളികൾ നേതൃത്വം നൽകുന്ന പ്രവാസി ലീഗൽ സെല്ലും കോൺഗ്രസ് എം.പി. എം.കെ.രാഘവനും ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയുടെ ഭാര്യയും

ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്.