ന്യൂഡൽഹി: കമൽനാഥ് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ മദ്ധ്യപ്രദേശ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ട ഗവർണറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് അജയ് രസ്‌തോഗിയും അംഗങ്ങളായ ബെഞ്ചിന്റേതാണ് ഉത്തരവ്. കമൽനാഥ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഗവർണർക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ഭരണഘടനയെയും ഗവർണറുടെ അധികാരത്തെയും സംരക്ഷിക്കുന്ന വിധിയാണ് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയും 22 വിമത എം.എൽ.എമാർ രാജിവയ്ക്കുകയും ചെയ്തതോടെയാണ് കമൽനാഥ് സർക്കാർ നിലം പൊത്തിയത്. വിശ്വാസവോട്ടെടുപ്പ് നടത്താനായിരുന്നു മാർച്ച് 19ന് ഗവർണർ നിർദേശം നൽകിയത്. പക്ഷേ, അതിനു മുമ്പ് കമൽനാഥ് രാജി സമർപ്പിച്ചു. ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.