covid
covid

ന്യൂഡൽഹി:കൊവിഡ് പരിശോധന സ്വകാര്യ ലാബുകളിൽ സൗജന്യമാക്കണമെന്ന ആദ്യ ഉത്തരവിൽ സുപ്രീംകോടതി മാറ്റം വരുത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ധൻ ആരോഗ്യ പദ്ധതി അംഗങ്ങൾക്കും സൗജന്യം അനുവദിച്ചാൽ മതിയെന്നാണ് പുതിയ ഉത്തരവ്.

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഒഫ് ലബോറട്ടറീസ്, ലോകാരോഗ്യ സംഘടന,​ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്നിവയുടെ അക്രഡിറ്റേഷനുള്ള സ്വകാര്യ ലാബുകൾക്ക് ഈ രണ്ട് വിഭാഗങ്ങൾ ഒഴികെയുള്ളവരിൽ നിന്ന് ഐ.സി.എം.ആർ. നിശ്ചയിച്ച പണം ഈടാക്കാം. സൗജന്യ പരിശോധനയ്‌ക്കായി ചെലവാകുന്ന തുക സ്വകാര്യ ലാബുകൾക്ക് മടക്കി നൽകാൻ കേന്ദ്ര സർക്കാരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നടപടികൾ സ്വീകരിക്കണം.

ഇന്ത്യയിലെ എല്ലാ സർക്കാർ - സ്വകാര്യ ലബോറട്ടറികളും കൊവിഡ് പരിശോധന സൗജന്യമാക്കണമെന്നാണ് കഴിഞ്ഞ 9ന് ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ്. രവീന്ദ്ര ഭട്ടുമുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവ് തങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിടുന്നതായി സ്വകാര്യ ലാബുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുഗൾ റോത്ത്‌ഗി അറിയിച്ചു. തുടർന്നാണ് പുതിയ ഉത്തരവ്.സർക്കാർ ലാബുകൾക്ക് പുറമേ രാജ്യത്തെ 157 സ്വകാര്യ ലബോറട്ടറികളിലാണ് കൊവിഡ് പരിശോധന നടത്തുന്നത്. സ്വകാര്യ ലാബുകൾ 4500 രൂപയാണ് ഈടാക്കുന്നത്.