ന്യൂഡൽഹി:ലോക്ക് ഡൗൺ കാരണം ജോലി നഷ്ടമായ അന്യസംസ്ഥാനത്തൊഴിലാളികളെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി ചോദിച്ചു. തൊഴിലാളികൾക്ക് സർക്കാർ വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഹർഷ് മന്തർ അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഉൾപ്പെട്ട ബെഞ്ച് കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞത്. പതിനഞ്ച് ലക്ഷത്തോളം ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണവും താത്കാലിക വാസസ്ഥലവും ഒരുക്കിയെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്നതിനായി 20ലേക്ക് മാറ്റി. ജോലി നഷ്ടപ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് ഡൽഹി സർക്കാർ 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.