ന്യൂഡൽഹി: ലോക്ക്‌ഡൗൺ തുടരുന്ന മേയ് മൂന്നുവരെ രാജ്യത്ത് വിമാനം, ട്രെയിൻ, മെട്രോ, ബസ്, ടാക്സി തുടങ്ങിയ പൊതുഗതാഗതം ഉണ്ടാകില്ല. സിനിമാ തിയേറ്ററുകളും മാളുകളും അടഞ്ഞു തന്നെ കിടക്കും. പൊതുചടങ്ങുകൾ പാടില്ല. മതസമ്മേളനങ്ങൾക്ക് കർശന വിലക്ക്. മത സ്ഥാപനങ്ങളും ആരാധനാലയങ്ങളും എല്ലാ വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങളും അടച്ചിടും. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധമായിരിക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമായ കുറ്റം. മദ്യവിൽപ്പനശാലകളും ബാറുകളും തുറക്കില്ല. സിഗരറ്റ്
ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ വിൽക്കരുത്. ഗുഡ്ക പോലുള്ള പുകയില ഉത്പന്നങ്ങൾ ചവച്ചിട്ട് പരസ്യമായി തുപ്പിയാൽ പിടിവീഴും.
ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച മാർഗരേഖയിലാണ് ഈ കർശന നിയന്ത്രണങ്ങൾ. അതേസമയം, ഏപ്രിൽ 20 മുതൽ ഗ്രാമീണ കാർഷിക, വ്യാവസായിക, വാണിജ്യ മേഖലകളിൽ ഉൾപ്പെടെ ചില ഇളവുകളും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള ലോക്ക്ഡൗൺ മാർഗരേഖകൾ കർശനമായി പാലിച്ചുകൊണ്ടാവണം സംസ്ഥാന സർക്കാരുകൾ ഇളവുകൾ നടപ്പാക്കേണ്ടതെന്ന് കേന്ദ്ര ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 14ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ, ലോക്ക്ഡൗൺ മേയ് മൂന്ന് വരെ
നീട്ടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചില മേഖലകൾക്ക് ഉപാധികളോടെ ഇളവുകൾ നൽകുമെന്ന് സൂചിപ്പിച്ചിരുന്നു.
ഗ്രാമീണ വ്യവസായങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിക്കും ഡിജിറ്റൽ മേഖലയ്ക്കും, കൊറിയർ, സെക്യൂരിറ്റി സ്ഥാപനങ്ങൾക്കും ഇളവുകളുണ്ട്. ചരക്ക് കടത്തും അനുവദിക്കും. ബാങ്കുകളും എ.ടി.എമ്മുകളും തടസമില്ലാതെ പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ സാമൂഹ്യ അകലം പാലിച്ച് പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകും. തൊഴിലുറപ്പ് പദ്ധതിയിൽ മാസ്‌കും സാമൂഹ്യ അകലവും നിബന്ധം, ജലസേചനത്തിന് മുൻഗണന. ഓൺലൈൻ വ്യാപാര കമ്പനികൾക്ക് പ്രവർത്തിക്കാം. ഇലക്‌ട്രീഷ്യൻമാർ, പ്ളംബർമാർ, മോട്ടോർ മെക്കാനിക്കുകൾ, ആശാരിമാർ, ഐ.ടി വിദഗ്ദ്ധർ എന്നിവർക്ക് പ്രവർത്തിക്കാം.
-പാൽ സംഭരണം, സംസ്‌കരണം, കടത്ത്, വിൽപ്പന എന്നിവയ്‌ക്ക് തടസമുണ്ടാവില്ല
-റേഷൻ കടകൾ, ഭക്ഷ്യ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യ-മാംസം, കാലിത്തീറ്റ കടകൾക്ക് സമയ നിയന്ത്രണമില്ല
വിലക്കുകൾ
--ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഇല്ല
-- ട്രെയിൻ, ബസ്, മെട്രോ, ടാക്സി,- ആട്ടോറിക്ഷ, സൈക്കിൾ റിക്ഷ, സർവീസുകൾ ഉണ്ടാവില്ല
-- വ്യക്തികളുടെ അന്തർ സംസ്ഥാന, അന്തർ ജില്ലാ യാത്രകൾ
--ഇളവ് ഇല്ലാത്ത വ്യവസായ, വാണിജ്യ, സേവന സ്ഥാപനങ്ങൾ അടച്ചിടും
-ഫാക്‌ടറികളിലും ഓഫീസുകളിലും ജീവനക്കാർക്ക് മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധം
- സാമൂഹ്യ അകലം പാലിക്കാൻ സ്റ്റെയർകേസുകൾ ഉപയോഗിക്കണം
-സ്ഥാപനങ്ങളിൽ ആവശ്യമില്ലാത്ത സന്ദർശകർ പാടില്ല
--ജിംനേഷ്യം, സ്‌പോർട്സ് കോംപ്ളക്സുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ അടച്ചിടും
--സാമൂഹ്യ, രാഷ്‌ട്രീയ, കായിക, വിനോദ, അക്കാഡമിക്, സാംസ്‌കാരിക പരിപാടികൾ, കൂട്ടം ചേരലുകൾ
--ശവസംസ്‌കാരത്തിന് 20ൽ താഴെ ആളുകൾ മാത്രം
-സ്വകാര്യ വാഹനങ്ങൾ അവശ്യ സാധനങ്ങൾ വാങ്ങാനും അടിയന്തര ആവശ്യങ്ങൾക്കും മാത്രം
--സ്വകാര്യ കാറുകളിൽ ഡ്രൈവറെ കൂടാതെ പിന്നിലൊരാളും ഇരുചക്ര വാഹനങ്ങളിൽ ഒരാളും മാത്രം
--ചരക്കു ലോറികളിൽ രണ്ട് ഡ്രൈവർമാരും ഒരു സഹായിയും മാത്രം
@ ഹോട്ട്സ്‌പോട്ടുകളിൽ കർശനം.
-ഈ മേഖലകളിൽ പുറത്തേക്കും അകത്തേക്കും ആളുകളെ വിടില്ല
-പുറത്തിറങ്ങുമ്പോഴും ജോലി സ്ഥലത്തും മാസ്‌ക് ധരിച്ചിരിക്കണം.
-ഒരിടത്തും അഞ്ചു പേരിലേറെ കൂടരുത്
-മരണ, വിവാഹ ചടങ്ങുകൾ ജില്ലാ മജിസ്ട്രേട്ടിന്റെ അനുമതിയോടെ മാത്രം
ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ
-കാർഷിക, ഹോർട്ടികൾച്ചർ പ്രവർത്തനങ്ങൾ.
-കാർഷികോത്പന്നങ്ങളുടെ സംഭരണം, താങ്ങുവില നടപ്പാക്കൽ
-ചന്തകൾക്ക് പ്രവർത്തിക്കാം
-കാർഷിക സാമഗ്രികൾ, സ്‌പെയർപാർട്സുകൾ എന്നിവയുടെ കടകൾ
-രാസവളം, കീടനാശിനി, വിത്തു നിർമ്മാണം, വിതരണം
- മത്സ്യബന്ധനത്തിനും അനുബന്ധപ്രവൃത്തികൾക്കും,
-ഹാച്ചറികൾ, വാണിജ്യ അക്വേറിയങ്ങൾ
-തേയില, കാപ്പി, റബർ പ്ളാന്റേഷനുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം
-തേയില, കാപ്പി, റബർ, കശുഅണ്ടി സംസ്‌കരണം, പായ്‌ക്കിംഗ്, വിൽപ്പന, വിപണനം 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം
-പൗൾട്രി ഫാം, ഹാച്ചറി, ലൈവ്സ്‌റ്റോക്ക് ഫാം പ്രവർത്തനങ്ങൾ.
-കാലിത്തീറ്റ നിർമ്മാണ യൂണിറ്റുകൾ, അസംസ്‌കൃത വസ്തുക്കളുടെ വിതരണം
-50 ശതമാനം ജീവനക്കാരുമായി ഐ.ടി, അനുബന്ധ സേവനങ്ങൾ
-സർക്കാർ ഡാറ്റാ, കോൾ സെന്റർ പ്രവർത്തനം.
സ്വകാര്യ മേഖലയിലെ ഇളവുകൾ:
-കൊറിയർ സർവീസുകൾ
- സ്വകാര്യ സെക്യൂരിറ്റി സേവനങ്ങൾ
-വിനോദ സഞ്ചാരികൾ, മെഡിക്കൽ, എമർജൻസി സർവീസ്, വിമാന, കപ്പൽ ജീവനക്കാർ തുടങ്ങിയവർ താമസിക്കുന്ന ഹോട്ടലുകൾ
-ക്വാറന്റൈൻ സ്ഥാപനങ്ങൾ
ജോലി സ്ഥലങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ:
-താപനില അളക്കാനുള്ള സംവിധാനം,
-ഷിഫ്‌റ്റുകൾ തമ്മിൽ ഒരു മണിക്കൂർ ഇടവേള
-ഒന്നിച്ച് ഉച്ചഭക്ഷണ ഇടവേള പാടില്ല.
-65 വയസിന് മുകളിലുള്ളവർ, ഗുരുതര രോഗമുള്ളവർ, അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.
-വലിയ യോഗങ്ങൾക്ക് വിലക്ക്.
സർക്കാർ ഓഫീസുകൾ
-കേന്ദ്ര മന്ത്രാലയങ്ങളും അനുബന്ധ ഓഫീസുകളും ഡെപ്യൂട്ടി സെക്രട്ടറി തസ്തികയ്‌ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ നൂറു ശതമാനം ഹാജരോടെ പ്രവർത്തിക്കണം. ആവശ്യമനുസരിച്ച് 33 ശതമാനം മറ്റു ജീവനക്കാരും.
-ആവശ്യത്തിന് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ജീവനക്കാരുമായി നിയന്ത്രണങ്ങളോടെ സംസ്ഥാന സർക്കാർ ഓഫീസുകൾ. സമൂഹ അകലം പാലിച്ചും 33 ശതമാനം ഗ്രൂപ്പ് സി ജീവനക്കാരും. ആവശ്യത്തിന് ജീവനക്കാരുമായി ജില്ലാ ഭരണകൂടം, ട്രഷറി, അക്കൗണ്ടന്റ് ജനറൽ ഫീൽഡ് ഓഫീസുകൾ.