modi

ന്യൂഡൽഹി: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിലും കരുതൽ എന്ന നിലയിൽ നിയന്ത്രണം തുടരേണ്ടത് ആവശ്യമാണെന്ന് ലോക്ക് ഡൗൺ മെയ് 3വരെ നീട്ടിയത് രാജ്യത്തെ അറിയിച്ചുകൊണ്ട് ഏപ്രിൽ 14ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

സാമ്പത്തിക ഇളവുകളോടെ ഏപ്രിൽ 30വരെ ലോക്ക്ഡൗൺ തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ മെയ് ഒന്നുമുതൽ മൂന്നു ദിവസം അവധിയായത് കണക്കിലെടുത്താണ് 19 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 20ന് ശേഷം ജില്ലാ, സംസ്ഥാന തലത്തിൽ രോഗഭീഷണി സംബന്ധിച്ച വിലയിരുത്തൽ നടത്തി തിരഞ്ഞെടുക്കപ്പെട്ട അവശ്യമേഖലകളിൽ ഇളവു നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രോഗം തിരിച്ചുവന്നാൽ ഇളവ് പിൻവലിക്കും.പാവപ്പെട്ടവരും ദിവസ വേതനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇളവുകളെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രോഗം റിപ്പോർട്ടു ചെയ്‌ത മുറയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്‌തു. സമഗ്രവും സംയോജിതവുമായ നടപടികളിലൂടെയാണ് ഇന്ത്യ രോഗത്തെ നിയന്ത്രിക്കുന്നത്.രാജ്യത്ത് മരുന്ന്, ഭക്ഷണം, അവശ്യവസ്തുക്കൾ തുടങ്ങിയവ ആവശ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പകർച്ചവ്യാധിയെ നേരിടാൻ ജനങ്ങൾ ഏഴു കാര്യങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു:

1. മുതിർന്ന പൗരർമാർക്ക്, പ്രത്യേകിച്ച് രോഗബാധിതർക്ക് പ്രത്യേക ശ്രദ്ധ നൽകുക.

2. ലോക്ഡൗണിന്റെയും സാമൂഹിക അകലം പാലിക്കലിന്റെയും 'ലക്ഷ്മണരേഖ' കൃത്യമായി പാലിക്കുക. വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ധരിക്കുക.

3. രോഗപ്രതിരോധത്തിനായി ആയുഷ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുക.

4. കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആരോഗ്യസേതു ആപ് പ്രചരിപ്പിക്കുക.
5. പാവപ്പെട്ടവർക്ക് ഭക്ഷണം ഉറപ്പാക്കുക.

6. വ്യവസായ, വ്യാപാര മേഖലയിൽ ജോലി ചെയ്യുന്നവരോട് കരുണ കാണിക്കുക; ഉപജീവനമാർഗം നിലനിറുത്തുക.

7. കൊവിഡിനെതിരെ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ പ്രവർത്തകർ, പൊലീസ് തുടങ്ങിയവരെ ആദരിക്കുക.