covid

ന്യൂഡൽഹി : കൊവിഡ് - 19 ചികിത്സയ്ക്ക് ഹോമിയോപ്പതി, യുനാനി സമ്പ്രദായങ്ങൾ പരിഗണിക്കണമെന്ന ആവശ്യം തത്കാലം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. 'കൊറോണ പുതിയ വൈറസാണ്. അതിനാൽ പരീക്ഷണങ്ങൾ സാദ്ധ്യമല്ല. വിദഗ്ദ്ധർ വാക്‌സിൻ കണ്ടുപിടിക്കട്ടെ. അതുവരെ കാത്തിരിക്കൂ' എന്ന് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡോ. സി.ആർ.ശിവരാമനാണ് കൊവിഡ്ചികിത്സയ്‌ക്ക് ഹോമിയോ, യുനാനി മരുന്ന് പരീക്ഷണങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയം ഇറക്കിയ വിജ്ഞാപനം അനുസരിച്ച് കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര രീതികൾ പരിഗണിക്കണമെന്നായിരുന്നു ആവശ്യം.

കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഹോമിയോ ഡോക്ടർമാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഡ്വ. എം.എസ്. വിനീത് നൽകിയ പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കേരള ഹൈക്കോടതി.