ന്യൂഡൽഹി: ലോക്ക്‌ഡൗൺ നീട്ടിയ സാഹചര്യത്തിൽ വിമാന, ട്രെയിൻ സർവീസുകളും മേയ് മൂന്നുവരെ ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അറിയിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രവർത്തനം നിറുത്തിവച്ചത് മേയ് മൂന്നിന് അർദ്ധരാത്രി 11.59 വരെ തുടരും. ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നൽകാനാവില്ലെന്ന് വിമാനക്കമ്പനികൾ പ്രഖ്യാപിച്ചു. മറ്റ് ചാർജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാമെന്നാണ് വാഗ്ദാനം. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പണം നഷ്ടമാകും. ടിക്കറ്റ് ബുക്ക് ചെയ്ത ഇനത്തിൽ 6000 കോടി രൂപ ഇപ്പോൾ വിമാനക്കമ്പനികളുടെ കൈവശമുണ്ട്. സർവീസുകൾ റദ്ദായതിനാൽ ടിക്കറ്റെടുത്തവർ പണം തിരികെ ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ടിക്കറ്റ് മറ്റൊരു തീയതിയിലേക്ക് മാറ്റി നൽകാമെന്ന നിലപാട് വിമാനക്കമ്പനികൾ സ്വീകരിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ എല്ലാ പാസഞ്ചർ, പ്രീമിയം,മെയിൽ / എക്‌സ്‌പ്രസ്, സബർബൻ കൊൽക്കത്ത മെട്രോ, കൊങ്കൺ റെയിൽവേ എന്നിവയൊന്നും മേയ് മൂന്ന് അർദ്ധരാത്രിവരെ ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ എത്തിക്കുന്ന ട്രെയിനുകൾ സർവീസ് നടത്തും. ലോക്ക്‌ഡൗൺ നീട്ടിയത് 15,523 ട്രെയിനുകളെയാണ് ബാധിച്ചത്.