ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാർഗനിർദ്ദേശങ്ങളും പരിഗണിച്ച് യു.പി.എസ്.സി പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോർഡുകളുടെയും തീയതി പുനഃക്രമീകരിച്ചു. സിവിൽ സർവീസ് 2019 പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ തീയതി മേയ് മൂന്നിന് ശേഷം പ്രഖ്യാപിക്കും.
സിവിൽ സർവീസസ് 2020 (പ്രിലിമിനറി), എൻജിനിയറിംഗ് സർവീസസ് (മെയിൻ), ജിയോളജിസ്റ്റ് സർവീസസ് (മെയിൻ) പരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വന്നാൽ യു.പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കമ്പൈൻഡ് മെഡിക്കൽ സർവീസസ്, ഇന്ത്യൻ എക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് 2020 പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.
സി.എ.പി.എഫ് 2020 പരീക്ഷയുടെ തീയതി യു.പി.എസ് സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. നാഷണൽ ഡിഫൻസ് അക്കാഡമി (എൻ.ഡി.എ1) പരീക്ഷ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചിട്ടുണ്ട്.
എൻ.ഡി.എ രണ്ട് പരീക്ഷ സംബന്ധിച്ച തീരുമാനം വിജ്ഞാപനം പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ജൂൺ 10 ന് പരസ്യപ്പെടുത്തും. യു.പി.എസ്.സിയുടെ മറ്റു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.