mar

ന്യൂഡൽഹി: ലോക്ക് ഡൗണിൽ മെക്‌സിക്കൻ വംശജയുമായുള്ള ഇന്ത്യൻ യുവാവിന്റെ വിവാഹം നടത്തിക്കൊടുക്കാൻ രാത്രി കോടതി തുറന്നു. ഹരിയാനയിലെ റോഹ്‌തഗിലെ ജില്ലാ മജിസ്‌ട്രേട്ട് കോടതിയാണ് കഴിഞ്ഞ 13ന് രാത്രി എട്ട് മണിക്ക് വിവാഹത്തിന് സാക്ഷിയായത്. റോഹ്‌തഗിലുള്ള സൂര്യ കോളനി നിവാസി നിരഞ്ജൻ കശ്യപിന്റെയും മെക്‌സിക്കോ സ്വദേശിനി ഡാനാ ജോഹ്‌രി ഒലിവെരോസ് ക്രൂയിസിന്റെയും വിവാഹമാണ് നടന്നത്.

2017ൽ ഒരു ഭാഷാ പരിശീലന ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. 2018ൽ വിവാഹ നിശ്ചയം നടത്തി. വിവാഹത്തിനായി ഫെബ്രുവരി 11ന് ഡാനയും മാതാവും ഇന്ത്യയിലെത്തി.ഫെബ്രുവരി 17ന് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിനായി അപേക്ഷിച്ചു. നോട്ടീസിന്റെ 30 ദിവസ കാലാവധി മാർച്ച് 18ന് അവസാനിച്ചു. എന്നാൽ ലോക്ക്ഡൗൺ ആരംഭിച്ചതോടെ വിവാഹം നിയമപരമായി നടത്താൻ സാധിച്ചില്ല. ആചാരപ്രകാരം വിവാഹം നടത്തിയ ശേഷം ജില്ലാ കളക്ടർക്ക് ഇവർ അപേക്ഷ നൽകി. ഡാന ഇന്ത്യൻ വംശജയല്ലാത്തതിനാൽ സ്‌പെഷ്യൽ മാരേജ് ആക്ട് വഴി മാത്രമേ വിവാഹം നടത്താൻ പറ്റൂ. അതിനാലാണ് കോടതിയെ സമീപിച്ചത്. മെക്‌സിക്കൻ എംബസിയിൽ നിന്ന് നോ ഒബ്‌ജക്‌ഷൻ സർട്ടിഫിക്കറ്റ് കിട്ടിയ ശേഷം കോടതി വിവാഹ നടപടിയിലേക്ക് കടക്കുകയായിരുന്നു.

മാർച്ച് 24ന് തിരികെ പോകാൻ ഡാനയും കുടുംബവും വിമാനടിക്കറ്റ് എടുത്തിരുന്നെങ്കിലും ലോക്ക് ഡൗണിനെത്തുടർന്ന് മേയ് 5ലേക്ക് യാത്ര മാറ്റിയിരിക്കുകയാണ്.