ന്യൂഡൽഹി: കൊവിഡിന്റെ പശ്‌ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ ആശങ്ക കേന്ദ്രസർക്കാർ മനസിലാക്കുന്നുണ്ടെന്നും ക്വാറന്റൈൻ സൗകര്യം ഒരുക്കാതെ എടുത്തുചാടി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആശങ്കാകുലരായ പ്രവാസികൾ നാട്ടിലെത്താൻ തിടുക്കം കാട്ടുന്നുണ്ട്. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലും കാണുന്നുണ്ട്. ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുമ്പോഴുള്ള പ്രശ്‌നങ്ങൾ മുന്നിൽകണ്ടാണ് കേന്ദ്ര സർക്കാർ എടുത്തു ചാടി നടപടികൾ സ്വീകരിക്കാത്തത്. ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ തയ്യാറല്ല.

പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന നിർദ്ദേശം അതിനുദാഹരണമാണ്. തുക മടക്കി നൽകില്ലെന്നും മറ്റൊരു തീയതിയിൽ യാത്ര അനുവദിക്കാമെന്നുമായിരുന്നു വിമാന കമ്പനികളുടെ നിലപാട്. പ്രവാസികൾ ഇക്കാര്യം അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന ഇന്ത്യൻ പൗരന്മാർക്ക് മടക്കയാത്രയ്ക്കുള്ള എമർജൻസി സർട്ടിഫിക്കറ്റിന് ഫീസ് ഈടാക്കില്ല. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.