ന്യൂഡൽഹി/കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മറികടക്കാനും പ്രതിസന്ധിയിലായ മേഖലകൾക്ക് കൂടുതൽ വിഹിതം നൽകാനും ലക്ഷ്യമിട്ട് പ്രത്യേക കൊവിഡ് ബഡ്‌ജറ്റ് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി സൂചന. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരിയിൽ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ് നിലവിലെ സാഹചര്യത്തിൽ അപ്രസക്തമായതും കണക്കിലെടുത്താണിത്.
കൊവിഡിനെ തുടർന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ആകെ സ്തംഭിപ്പിച്ചിരിക്കയാണ്. നികുതി വരുമാനം ഉൾപ്പെടെ പ്രതിസന്ധിയിലായി. സമ്പദ്‌മേഖല പൂർവസ്ഥിതി കൈവരിക്കാൻ ഏറെ സമയം എടുക്കും. പ്രതിസന്ധി തരണം ചെയ്യാൻ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. അപ്രതീക്ഷിതമായി തകർച്ചയിലായ മേഖലകളെ ഉയിർത്തെഴുന്നേൽപ്പിക്കണം. ഇതിനെല്ലാം പുതിയ ബഡ്ജറ്റ് തന്നെ അവതരിപ്പിക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.
കൊവിഡ് നിയന്ത്രണ വിധേയമായാലും തകിടം മറിഞ്ഞ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്താനുള്ള നികുതി നിർദ്ദേശങ്ങളും വിഹിതവും ഉറപ്പാക്കാനും വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക ബഡ്‌ജറ്റ് വേണം. ഇക്കാര്യം ഉന്നത തലത്തിൽ ചർച്ച ചെയ്‌തെങ്കിലും തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.7ശതമാനം വരുന്ന 1.70 ലക്ഷം കോടിയുടെ ആദ്യ പാക്കേജിലെ ആനുകൂല്യങ്ങളിൽ ചിലത് കേന്ദ്ര ബഡ്‌ജറ്റ് നിർദ്ദേശങ്ങളുടെ ചുവടു പിടിച്ചുള്ളതാണ്. ഈ പാക്കേജ് അപര്യാപ്‌തമാണെന്ന ആക്ഷേപമുയർന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ രണ്ടാം പാക്കേജ് കൊണ്ടുവരുമെന്നും സൂചനകളുണ്ട്.
മാന്ദ്യകാല പ്രതിസന്ധിക്ക് സാദ്ധ്യത
കൊവിഡ് പ്രതിസന്ധി മറികടക്കാനും സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനും സമഗ്രമായ ആസൂത്രണം ഇല്ലെങ്കിൽ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം രാജ്യത്തുണ്ടായ നാണയപ്പെരുപ്പം അടക്കമുള്ള പ്രശ്‌നങ്ങൾ ആവർത്തിച്ചേക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 2008 സാമ്പത്തിക വർഷത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.7 ശതമാനമായിരുന്നത് തൊട്ടടുത്ത വർഷം ആറു ശതമാനമായി കുതിച്ചുയർന്നിരുന്നു. തുടർന്ന് രാജ്യത്ത് നാണയപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യമുണ്ടായി.
പുതിയ ബഡ്‌ജറ്റ്: അനുകൂലിച്ച് വിദഗ്ദ്ധർ
''കൊവിഡ് മൂലം സർക്കാരിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞത് ഫെബ്രുവരിയിലെ ബഡ്‌ജറ്രിന്റെ പ്രസക്തി ഇല്ലാതാക്കി. അസാധാരണ സാഹചര്യമായതിനാൽ, ധനക്കമ്മി, പണമാക്കി മാറ്റാം. ഇതിനായി, കടപ്പത്രങ്ങൾ ബാങ്കുകൾക്ക് വിൽക്കുന്നതിന് പകരം കേന്ദ്രസർക്കാർ റിസർവ് ബാങ്കിന് വിൽക്കണം. അതിന്റെ ഈടിൽ റിസർവ് ബാങ്ക് നൽകുന്ന പണം ജനങ്ങൾക്കും കമ്പനികൾക്കും രക്ഷാപാക്കേജായി നൽകാം''.
--മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്.
''പുതിയ ബഡ്‌ജറ്ര് അവതരിപ്പിക്കുന്നത് ചെലവുകൾ നിയന്ത്രിക്കാനും പുതിയ വരുമാന സ്രോതസ് തിരിച്ചറിയാനും സർക്കാരിനെ സഹായിക്കും.''
--അഭീക്ക് ബറുവ
ചീഫ് എക്കണോമിസ്‌റ്ര്, എച്ച്.ഡി.എഫ്.സി ബാങ്ക്