ന്യൂഡൽഹി : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇന്നലെ 17പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികകൾ 117 ആയി.

10 പേർ മരിച്ചു. അഞ്ച് ചതുരശ്ര കിലോ മീറ്ററിൽ (613 എക്കർ) എട്ട് ലക്ഷത്തിലധികം പേർ തിങ്ങി പാർക്കുന്ന ധാരാവിയിൽ ഇതുവരെ 37,000 പേരെ പരിശോധനകൾക്ക് വിധേയരാക്കി. സമൂഹിക അകലം പോലുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുക ഇവിടെ പ്രായോഗികമല്ല. എഴുപത് ശതമാനം പേരും പൊതു ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. ധാരാവിയെ നേരത്തേ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒമ്പത് പ്രഭവ മേഖലകളും കണ്ടെത്തിയിട്ടുണ്ട്. ധാരാവിയുടെ വിവിധ പ്രദേശങ്ങൾ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്.

 മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 331 പുതിയ രോഗികൾ. ആകെ രോഗികളുടെ എണ്ണം 3,323. മരണം 201. ലോക്ക് ഡൗണിനെത്തുടർന്ന് പട്ടിണിയിലായ 12 ലക്ഷം നിർമ്മാണത്തൊഴിലാളികൾക്ക് ആളൊന്നിന് 2000 രൂപയുടെ ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.