ന്യൂഡൽഹി : കാസർകോട് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും അതിന് ചുക്കാൻ പിടിച്ച സംസ്ഥാന സർക്കാരിനെയും വാനോളം പുകഴ്ത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹോട്ട് സ്‌പോട്ടായിരുന്നിട്ടും, കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞുനിറുത്താനായി. ആകെയുള്ള ജനസംഖ്യയിൽ 15.3ശതമാനം പ്രവാസികളായിരിക്കെ, അവിടെ നിന്ന് തിരികെയെത്തിയവരെ എല്ലാം കൃത്യമായി ക്വാറന്റൈൻ ചെയ്തതടക്കം കാസർകോടിന്റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗർവാൾ എടുത്തുപറഞ്ഞു.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 168 പേരിൽ 113 പേരും രോഗവിമുക്തരായി. 54ശതമാനം ആണ് രോഗമുക്തിയുടെകണക്ക്. ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനസർക്കാർ ഉടൻ കാസർകോടിനായി പ്രത്യേക ഓഫീസറെ നിയമിച്ചു. കോണ്ടാക്ട് ട്രേസിംഗിന് ജിയോ സ്‌പെഷ്യൽ ട്രാക്കിംഗ് നടത്തി, വൈറസ് വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ ക്യാംപെയ്ൻ സജീവമാക്കി, സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ തുടങ്ങി, എല്ലാത്തിനുമുപരി, നാല് ദിവസം കൊണ്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്‌സുമാരുമായി കാസർകോട് ഒരു പ്രത്യേക ആശുപത്രി സജ്ജീകരിച്ചു, 17,373 പേരെ ഹോം ക്വാറന്റൈനിലാക്കി പരിശോധിച്ചു, നൂറ് ശതമാനം വീടുകളിലും പോയി രോഗവിവരം തിരക്കി, ഷെൽട്ടർ ഹോമുകളും സമൂഹ അടുക്കളകളും സജ്ജീകരിച്ചു അങ്ങനെ എല്ലാ തരത്തിലും പരിശോധന കർശനവും മനുഷ്യത്വപരവുമാക്കിയതിന്റെ ഫലമാണ് ഈ മാതൃകയുടെ വിജയമെന്നും കാസർകോട് രോഗം ഭേദമായി ആളുകൾ വീടുകളിലേക്ക് മടങ്ങുന്ന കാഴ്ച വലിയ ഊർജമാണ് നൽകുന്നതെന്നും ലാവ് അഗർവാൾ പറഞ്ഞു.