ന്യൂഡൽഹി : ലോക്ക് ഡൗൺ ഇളവ് നാളെ മുതൽ നിലവിൽ വരുന്ന പ്രദേശങ്ങളിൽ അവശ്യവസ്തുക്കളല്ലാത്തവയുടെ ഓൺലൈൻ വില്പന നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. അവശ്യസാധനങ്ങളല്ലാത്ത ഉത്പന്നങ്ങളുടെ വിതരണത്തിന് ഓൺലൈൻ സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ചതായി വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ മാത്രമാണ് ഓൺലൈൻ കമ്പനികൾക്ക് അനുമതിയുള്ളത്. ഇതിനായി കമ്പനി വാഹനങ്ങൾക്കും ഡെലിവറി ജീവനക്കാർക്കും പ്രത്യേക പാസും നൽകിയിട്ടുണ്ട്.

അവശ്യസാധനങ്ങളല്ലാത്തവയുടെ വിതരണത്തിന് ഓൺലൈൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയാൽ അത് രാജ്യത്തെ പരമ്പരാഗത, ചെറുകിട മേഖലയില വ്യാപാരികളെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്ന് കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.