1

ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്തർപ്രദേശിലടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളുകളുടേയും നേതൃത്വത്തിൽ സോഡിയം ഹൈപോ ക്ലോറൈറ്റ് മനുഷ്യരുടെ മേൽ തളിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

'ശരീരത്തിനുള്ളിലെ വൈറസിനെ തുരത്താൻ ശരീരത്തിന് മേലുള്ള അണുനാശിനി പ്രയോഗത്താൽ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. വ്യക്തികളുടെയോ കൂട്ടത്തിന്റെയോ ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിർദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവർക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാൽ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കുന്നത്. രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകും.'- ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൊവിഡ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നവർ പതിവായി തൊടുന്ന പ്രദേശങ്ങളോ ഉപരിതലങ്ങളോ മാത്രം വൃത്തിയാക്കാനും അണു വിമുക്തമാക്കാനുമാണ് രാസ അണുനാശിനികൾ ശുപാർശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിർദേശം. ഇവയിലടങ്ങിയിരിക്കുന്ന ക്ലോറിൻ കണ്ണിന് പ്രശ്‌നങ്ങളുണ്ടാക്കും. വയറിനും കേടാണ്. ചർദ്ദി, മനംപുരട്ടൽ എന്നിവയ്ക്കും കാരണമാകും. സോഡിയം ഹൈപോക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസപ്പെടുത്തും. മൂക്കിലെയും തൊണ്ടയിലെയും ചെറു പാളികൾക്ക് അസ്വസ്ഥതയുമുണ്ടാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു